കഴിഞ്ഞ കാലങ്ങളിലൊക്കെയും ഇന്ത്യൻ ടീമിൽ ഒരുപാട് അവഗണനങ്ങൾ നേരിടേണ്ടിവന്ന ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിന് മതിയായ അവസരങ്ങൾ ദേശീയ ടീമിൽ ലഭിച്ചിരുന്നില്ല. ഇപ്പോൾ ഇന്ത്യ ബി ടീമിനെതിരെ ദുലീപ് ട്രോഫിയിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് സഞ്ജു കളം നിറഞ്ഞിരിക്കുന്നത്.
ഇതിന് ശേഷം സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി. ബംഗ്ലാദേശിനെതിരെ ആരംഭിക്കാനിരിക്കുന്ന 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ സഞ്ജുവിനെ പരിഗണിക്കണം എന്നാണ് ബിന്നി ആവശ്യപ്പെടുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിന്നി ഇക്കാര്യം പറഞ്ഞത്. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ താരങ്ങളായാൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോർമാറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇരുവരുടെയും അഭാവം നികത്താൻ സാധിക്കുന്ന താരങ്ങളെ പറ്റിയുള്ള ചോദ്യത്തിനാണ് ബിന്നി ഉത്തരം നൽകിയത്. സഞ്ജു സാംസന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട് എന്ന് ബിന്നി പറയുന്നു.
“ഇന്ത്യയ്ക്ക് വേണ്ടി വരും മത്സരങ്ങളിൽ നാലാം നമ്പറിൽ സഞ്ജു സാംസൺ കളിക്കണമെന്ന ഒരു ആഗ്രഹം എനിക്കുണ്ട്. അവന് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഭാഗമല്ല. ഇതുവരെ ഇന്ത്യൻ ദേശീയ ടീമിനൊപ്പം ലഭിച്ച അവസരങ്ങൾ നന്നായി മുതലാക്കാൻ സഞ്ജു സാംസന് സാധിച്ചിട്ടുണ്ട്. ഇനിയും അവന് നന്നായി ചെയ്യാൻ സാധിക്കും. അവന് ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”- ബിന്നി പറയുന്നു.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതേപ്പറ്റിയും ബിന്നി സംസാരിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 6 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസും മാത്രമായിരുന്നു വിരാട് കോഹ്ലി നേടിയത്. ടെസ്റ്റ് മത്സരത്തിനായി ആവശ്യമായ പരിശീലനങ്ങൾ നടത്താതിരുന്നതാണ് കോഹ്ലിയുടെ പ്രകടനത്തിൽ പ്രശ്നമായത് എന്ന് ബിന്നി ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും ഒരു താരത്തിന് എല്ലാ മത്സരത്തിലും റൺസ് കണ്ടെത്താൻ സാധിക്കില്ല എന്ന് ബിന്നി പറഞ്ഞു. കോഹ്ലി ഒന്നോ രണ്ടോ മത്സരങ്ങളിൽ റൺസ് സ്വന്തമാക്കിയില്ലെങ്കിലും, അതിൽ ആശങ്കകളില്ല എന്നാണ് ബിന്നി കരുതുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ കോഹ്ലി നന്നായി കളിക്കും എന്ന് ബിന്നി കൂട്ടിച്ചേർത്തു.