കോഹ്ലിയും രോഹിതുമല്ല, ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ഞങ്ങളുടെ ലക്ഷ്യം അവർ. ഹേസല്‍വുഡ് പറയുന്നു.

497bc2a1 cc47 4bef ba55 5daff33dba0b

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഇതോടുകൂടി വലിയൊരു ടെസ്റ്റ് സീസണാണ് ഇന്ത്യയ്ക്ക് ആരംഭിച്ചിരിക്കുന്നത്. ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകളോടാണ് അടുത്തതായി ഇന്ത്യ ടെസ്റ്റ് പരമ്പരകളിൽ ഏറ്റുമുട്ടുക. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയാണ്.

ഓസ്ട്രേലിയൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ 5 മത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 22 മുതലാണ് എല്ലാവരും കാത്തിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്. പരമ്പരയിലെ തങ്ങളുടെ തന്ത്രങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോഷ് ഹേസല്‍വുഡ്.

ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ തങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ യുവ ബാറ്റർമാരിൽ തന്നെയാവും എന്ന് പേസറായ ഹേസല്‍വുഡ് പറയുന്നു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ യുവ താരങ്ങളായ ജയസ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരിലേക്ക് കൂടുതലായി തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ് എന്ന് ഹേസല്‍വുഡ് പറയുകയുണ്ടായി.

ടെസ്റ്റ് ക്രിക്കറ്റുകളിൽ ഇതുവരെ അവർക്കെതിരെ പന്തറിയാൻ തങ്ങൾക്ക് സാധിച്ചിട്ടില്ല എന്ന് ഹെസൽവുഡ് പറയുന്നു. അതേസമയം വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ തങ്ങൾ മുൻപ് നേരിട്ടുള്ളതിനാൽ അവരുടെ തന്ത്രങ്ങളെ സംബന്ധിച്ച് ബോധ്യമുണ്ട് എന്നാണ് ഹേസല്‍വുഡ് പറയുന്നത്.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

“കൂടുതലായി ഇന്ത്യയുടെ പുതിയ താരങ്ങളിലേക്ക് ശ്രദ്ധ ചെലുത്താനാണ് ഞങ്ങൾ ഇത്തവണ ശ്രമിക്കുന്നത്. ജയസ്വാൾ, ഗിൽ തുടങ്ങിയ യുവ താരങ്ങൾക്കെതിരെ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. വളരെ കുറച്ച് അവസരങ്ങളിൽ മാത്രമാണ് ഞങ്ങൾ അവരെ നേരിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരിലേക്ക് ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ താരങ്ങൾക്കെതിരെ വർഷങ്ങളായി ഞങ്ങൾ കളിക്കുന്നതാണ്. അതുകൊണ്ട് അവർക്കെതിരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നിരുന്നാലും തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല. കൂടുതലായി അടിസ്ഥാന കാര്യങ്ങളിൽ ഉറച്ചുനിൽക്കാനാവും ശ്രമിക്കുക. അതുതന്നെയാണ് ദീർഘകാലമായി ഞങ്ങൾ ചെയ്യുന്നത്.”- ഹേസല്‍വുഡ് പറയുന്നു.

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര ഇത്തവണ ഓസ്ട്രേലിയ തൂത്തുവാരും എന്നാണ് മറ്റൊരു ഓസ്ട്രേലിയൻ താരമായ ലയൺ പ്രവചിച്ചിരിക്കുന്നത്. “ഞങ്ങൾ ബോർഡർ- ഗവാസ്കർ ട്രോഫി വിജയിച്ചിട്ട് 10 വർഷത്തോളം ആകുന്നു. ഇതേ സംബന്ധിച്ച് ഞങ്ങൾ കുറച്ചധികം കാലമായി ആലോചിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. മാത്രമല്ല ഒരുപാട് നാളുകളായി ഞാൻ ഈ പരമ്പരയ്ക്കായി കാത്തിരിക്കുന്നു. ഓസ്ട്രേലിയ ഇത്തവണ 5-0 എന്ന നിലയിൽ കിരീടം സ്വന്തമാക്കും എന്നാണ് ഞാൻ കരുതുന്നത്.”- ലയൺ പറയുകയുണ്ടായി.

Scroll to Top