മികച്ച തയ്യാറെടുപ്പുകളുമായി 2023 ഏകദിന ലോകകപ്പിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. എന്നാൽ മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ് ലോകകപ്പിന് മുൻപുണ്ടായിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസനെ ഇന്ത്യ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യ സഞ്ജുവിനെ ഒഴിവാക്കുകയാണ് ഉണ്ടായത്.
ലോകകപ്പിൽ നിന്ന് മാത്രമല്ല ഇന്ത്യയുടെ പ്രധാനപ്പെട്ട വലിയ ടൂർണമെന്റുകളിൽ നിന്നൊക്കെയും സഞ്ജുവിനെ മാറ്റി നിർത്തിയിട്ടുണ്ട്. ഇത് സഞ്ജു ആരാധകർക്ക് വലിയ നിരാശയും സമ്മാനിക്കുകയുണ്ടായി. തന്റെ പത്തൊമ്പതാം വയസ്സിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചെങ്കിലും വലിയ പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ കരിയർ സഞ്ജുവിന് ഉയർത്താൻ സാധിച്ചിരുന്നില്ല. ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളിവന്ന സംഭവത്തെപ്പറ്റി സഞ്ജു സംസാരിക്കുകയുണ്ടായി.
തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും സർപ്രൈസായ സംഭവമായിരുന്നു ഇന്ത്യൻ ടീമിലേക്ക് വിളി വന്നത് എന്ന് സഞ്ജു പറയുന്നു. ആ ദിവസം ഒരിക്കലും തനിക്ക് മറക്കാനാവില്ല എന്നാണ് സഞ്ജു പറയുന്നത്. “എന്റെ പതിനെട്ടാം വയസ്സിലാണ് ഞാൻ രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ശേഷം 19ആം വയസ്സിൽ എനിക്ക് ഇന്ത്യൻ ടീമിൽ കളിക്കാനായി അവസരം ലഭിച്ചു. അന്ന് ഇന്ത്യൻ ടീമിലേക്ക് വിളി വരുമ്പോൾ ഞാൻ കോളേജിലായിരുന്നു. അങ്ങനെയൊരു വിളി ഇന്ത്യൻ ടീമിലേക്ക് വന്നതായി ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ പിതാവാണ് കോളേജിലെ പ്രിൻസിപ്പാളിനോട് എന്നെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ച കാര്യം വിളിച്ചറിയിച്ചത്.”- സഞ്ജു പറയുന്നു.
“ഇതോടെ വലിയൊരു സ്വീകരണമാണ് എനിക്ക് ലഭിച്ചത്. എന്റെ പിതാവും പ്രിൻസിപ്പാളും സുഹൃത്തുക്കളും എല്ലാവരും ചേർന്ന് അതൊരു വലിയ ആഘോഷമാക്കി. ബാൻഡ്സെറ്റ് ഒക്കെ കൂട്ടിയാണ് എന്നെ ഈ വാർത്ത അറിയിക്കാനായി അവരെത്തിയത്. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഒരു ഓർമ്മയാണ്. ശരിക്കും അന്ന് ഞാൻ സർപ്രൈസ്ഡ് ആയിരുന്നു.”- സഞ്ജു അഭിമുഖത്തിൽ പറഞ്ഞു.
എന്നിരുന്നാലും 19ആം വയസിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും ഇതുവരെ കേവലം 20 ഏകദിന മത്സരങ്ങൾ പോലും സഞ്ജുവിന് ഇന്ത്യയ്ക്കായി കളിക്കാൻ സാധിച്ചിട്ടില്ല. പലപ്പോഴും ടീമിൽ സഞ്ജുവിന് അവസരം നിഷേധിക്കപ്പെടുന്നതാണ് കാണുന്നത്.
2014ൽ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലായിരുന്നു സഞ്ജുവിന് വിളിയെത്തുന്നത്. ഇന്ത്യയുടെ 17 അംഗ സ്ക്വാഡിലേക്കാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. 5 ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിച്ചത്. എന്നാൽ സ്ക്വാഡിൽ പരിഗണിക്കപ്പെട്ടെങ്കിലും ഒരു മത്സരത്തിൽ പോലും മൈതാനത്തിറങ്ങാൻ സഞ്ജുവിന് സാധിച്ചില്ല.
ശേഷം ഇത്തരം തഴച്ചിലുകൾ സഞ്ജുവിന്റെ കരിയറിലുടനീളം തുടർന്നു. ഇപ്പോഴും ഏകദിന ക്രിക്കറ്റിൽ 55ന് മുകളിൽ ശരാശരിയുള്ള താരമാണ് സഞ്ജു സാംസൺ. എന്നിട്ടും ഇന്ത്യയുടെ പ്രധാന ടൂർണമെന്റുകൾക്കുള്ള ഒരു ടീമിൽ പോലും സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല.