അവനാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. പക്ഷെ ഇന്ത്യ അവനെ എല്ലാ മത്സരങ്ങളും കളിപ്പിക്കില്ല. നിർദ്ദേശങ്ങളുമായി സുനിൽ ഗവാസ്കർ.

F6zWBsuasAA8oYF

2023 ഏകദിന ലോകകപ്പ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയാണ്. ഒക്ടോബർ എട്ടിന് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ ഒരു താരത്തിനെ എല്ലാ മത്സരത്തിനും ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ഇന്ത്യയുടെ വെറ്ററൻ ഓഫ് സ്പിന്നറും ഓൾറൗണ്ടറുമായ രവിചന്ദ്രൻ അശ്വിനെ പറ്റിയാണ് ഇങ്ങനെ ഒരു അഭിപ്രായം ഗവാസ്കർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് അശ്വിന്റെ പരിചയസമ്പത്ത് വളരെ പ്രധാനപ്പെട്ടതായി മാറാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഇന്ത്യ എല്ലാ മത്സരങ്ങളിലും അവനെ ഇറക്കണമെന്നും ഗവാസ്കർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്ക് മധ്യ ഓവറുകളിലെ ബോളിങ്ങിൽ കുറച്ചധികം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, ഈ കാരണത്താൽ അശ്വിനെ കളിപ്പിക്കണമെന്നും ഗവാസ്കർ പറയുന്നു. “ഇന്ത്യയ്ക്ക് ന്യൂബോളിൽ പന്തെറിയാൻ ബൂമ്രയെ കൂടാതെ മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് തുടങ്ങിയവരുണ്ട്. എന്നാൽ ഈ മൂന്നു പേരെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്.

എന്നിരുന്നാലും ഇവർ മൂന്നുപേരും ഒരു ലോകോത്തര നിലവാരമുള്ള ബോളർമാർ തന്നെയാണ്. രാജ്കോട്ടിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ബൂമ്ര കുറച്ചധികം റൺസ് വഴങ്ങിയിരുന്നു. എന്നാൽ അത്തരം തെറ്റുകൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള പരിചയസമ്പന്നത ബുമ്രയ്ക്കുണ്ട്. അതിനാൽ തന്നെ ഇതേ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല.”- ഗവാസ്കർ പറയുന്നു.

Read Also -  അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.

“ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം മധ്യ ഓവറുകളിലെ ബോളിങ് തന്നെയാണ്. ഇന്ത്യൻ പിച്ച് പലപ്പോഴും ബാറ്റിംഗിന് അനുകൂലമായി മാറാറുണ്ട്. അതിനാൽ തന്നെ ടേണ്‍ ചെയ്യാത്തതും, ബൗൺസ് ചെയ്യാത്തതുമായ ബോളുകൾ ഒരുപാടെത്തും. ഈ സാഹചര്യത്തിൽ ബാറ്റർമാർക്ക് ലൈനിന് കുറുകെ ഷോട്ട് കളിക്കാനും സാധിക്കും.

അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്ക് സഹായകരമായി മാറുന്നത്. അശ്വിന്റെ അനുഭവസമ്പത്തും കുശാഗ്ര ബുദ്ധിയുമൊക്കെ ടീമിന് നിർണായക ഘടകങ്ങളായി മാറിയേക്കും. എന്നിരുന്നാലും വലിയ മത്സരങ്ങളിൽ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ സംശയമാണ്.”- ഗവാസ്കർ പറയുന്നു.

“നിലവിൽ ഇന്ത്യക്കായി മധ്യ ഓവറുകളിൽ വിക്കറ്റ് നേടിത്തരാൻ സാധിക്കുന്ന ഒരു ബോളർ രവിചന്ദ്രൻ അശ്വിനാണ്. എതിർ ടീമുകൾ കെട്ടിപ്പടുക്കുന്ന വലിയ കൂട്ടുകെട്ടുകൾ പൊളിച്ചടുക്കാൻ അശ്വിൻ മിടുക്കനാണ്. ഇത്തരത്തിൽ എതിരാളികളെ ചെറിയ സ്കോറിൽ ഒതുക്കാനും ഇന്ത്യക്ക് സാധിക്കും.”- ഗവാസ്കർ പറഞ്ഞുവയ്ക്കുന്നു. ഇന്ത്യൻ ടീമിലേക്ക് ഒരു വലിയ സർപ്രൈസ് എൻട്രിയായിരുന്നു അശ്വിന് ലഭിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ ലോകകപ്പിന്റെ ചിത്രത്തിൽ അശ്വിൻ എന്നൊരു പേര് തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അക്ഷർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിൽ പകരക്കാരനായാണ് അശ്വിൻ ടീമിൽ എത്തിയത്.

Scroll to Top