ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് ഇന്ത്യ വീണ്ടും സഞ്ജു സാംസനെ പുറത്താക്കിയിരിക്കുകയാണ്. ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ രംഗത്ത് എത്തിയിരിക്കുന്നു. ടീമിൽ നിന്ന് അവഗണിക്കപ്പെട്ടതിൽ യാതൊരു വിഷമവുമില്ലെന്നും താൻ എപ്പോഴും പോസിറ്റീവ് മൈൻഡോടെയാണ് കാര്യങ്ങളെ നോക്കി കാണുന്നതെന്നും കാണിക്കുന്ന തരത്തിൽ ഒരു സ്മൈലിയാണ് സഞ്ജു സാംസൺ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സഞ്ജുവിന് പിന്തുണകൾ അറിയിച്ച് ഒരുപാട് ആരാധകരും എത്തിയിട്ടുണ്ട്. സഞ്ജുവിനെതിരെ ഇന്ത്യൻ ടീം വീണ്ടും അനീതി കാണിക്കുകയാണ് എന്ന രീതിയിലുള്ള കമന്റുകളാണ് ഈ പോസ്റ്റിന് പിന്നിലായി എത്തിയിരിക്കുന്നത്.
ഇന്നലെയായിരുന്നു ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ സീനിയർ താരങ്ങൾക്കൊക്കെയും വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നിട്ടുപോലും ഇന്ത്യ സഞ്ജു സാംസനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധങ്ങൾ ഉയർന്നത്. അവസാനമായി കളിച്ച ഏകദിന മത്സരത്തിലും ട്വന്റി20 മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്.
എന്നിട്ടും എന്തുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കുന്നത് എന്ന് ആരാധകർ ആവർത്തിച്ചു ചോദിക്കുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ച് സഞ്ജു ഒരു ഇമോജിയുമായി രംഗത്ത് എത്തിയത്. പല സഞ്ജു ആരാധകരും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കമന്റുകളിൽ കാണാൻ സാധിക്കും.
ഏകദിന ക്രിക്കറ്റിൽ വളരെ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവിന് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും അവസരം നൽകിയിട്ടുണ്ട്. ഒപ്പം 2 ഏകദിനങ്ങൾ മാത്രം കളിച്ചു പരിചയമുള്ള യുവതാരം ഋതുരാജും സ്ക്വാഡിലുണ്ട്. അരങ്ങേറ്റ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച തിലക് വർമയെയും ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലും സഞ്ജു സാംസനെ ഇന്ത്യ പൂർണമായും അവഗണിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. 2023 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം അവഗണന സഞ്ജു സാംസന്റെ കരിയറിനെ പോലും മോശമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഒരുപാട് സർപ്രൈസുകൾ ഇല്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ തങ്ങളുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചത്. വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടീമിലേക്ക് തിരിച്ചു വരുന്നു എന്നത് മാത്രമാണ് ടീമിലുള്ള വലിയ സർപ്രൈസ്. ഈ സാഹചര്യത്തിൽ ഏകദിന ലോകകപ്പിലേക്കും അശ്വിന് വിളിവരാൻ സാധ്യതയുണ്ട്. പരമ്പരയിലെ 3 ഏകദിനങ്ങൾക്കുള്ള സ്ക്വാഡിലും അശ്വിൻ ഉൾപ്പെട്ടിരിക്കുന്നു. പരിക്കിന്റെ പിടിയിലായ അക്ഷർ പട്ടേൽ വരും മത്സരങ്ങളിൽ കളിച്ചില്ലെങ്കിൽ ഒരുപക്ഷേ അശ്വിനെയാവും ഇന്ത്യ ലോകകപ്പിനായി കൂടെ കൂട്ടുന്നത്. എന്നാൽ ആ സമയത്തും സഞ്ജുവിന്റെ കാര്യം തന്നെയാണ് ആരാധകർക്കിടയിൽ നിരാശ ഉണ്ടാക്കുന്നത്.