കോഹ്ലിയ്ക്കും രോഹിതിനും എന്തുകൊണ്ടാണ് വിശ്രമം നല്‍കിയത് ? കാരണം വ്യക്തമാക്കി അഗാർക്കർ.

Rohit Sharma and virat kohli india

ഇന്നലെയായിരുന്നു ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. പ്രധാനമായും രണ്ട് ചർച്ചാ വിഷയങ്ങളാണ് സ്ക്വാഡ് പ്രഖ്യാപനത്തിന് ശേഷമുണ്ടായത്. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ സ്ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട് എന്നതാണ് സ്ക്വാഡിന്റെ ഒരു പ്രധാന സവിശേഷത. ഒപ്പം രോഹിത് ശർമ, വിരാട് കോഹ്ലി, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നീ താരങ്ങൾക്ക് ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ചതും സംസാരവിഷയം ആയിട്ടുണ്ട്. ഇത്തരത്തിൽ സീനിയർ താരങ്ങൾക്ക് നിരന്തരം വിശ്രമം അനുവദിക്കുന്നത് ഇന്ത്യയെ ഏകദിന ലോകകപ്പിൽ ബാധിക്കുമെന്നാണ് മുൻ താരങ്ങളടക്കം പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഈ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് എന്നതിനെപ്പറ്റി ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ സംസാരിക്കുകയുണ്ടായി.

കളിക്കാർക്ക് ഒരു മാനസികമായ ഇടവേള ലഭിക്കുന്നതിന് വേണ്ടിയാണ് ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയത് എന്ന് അജിത്ത് അഗാർക്കർ പറയുന്നു. “ടീമിലെ ചില കളിക്കാർക്ക് ആദ്യ രണ്ടു മത്സരങ്ങളിൽ വിശ്രമം നൽകിയിട്ടുണ്ട്. രോഹിത് ആദ്യ രണ്ടു മത്സരങ്ങളിൽ വിശ്രമമെടുക്കുന്നുണ്ട്. ഭാഗ്യവശാൽ ഏഷ്യാകപ്പിൽ ആവശ്യമായ രീതിയിൽ കളിക്കാൻ നമുക്ക് അവസരം ലഭിച്ചു. അല്ലാത്തപക്ഷം നമ്മൾ ഈ പരമ്പരയിൽ മറ്റൊരു രീതിയിൽ കാര്യങ്ങൾ തീരുമാനിച്ചേനെ. ശാരീരികമായ ഇടവേളയിൽ ഉപരിയായി മാനസികമായ ഇടവേളയാണ് ചില താരങ്ങൾക്ക് ആവശ്യം. ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റ് വരാനിരിക്കുമ്പോൾ അത്തരം ഇടവേളകൾ അനുവദിക്കുന്നത് ഒരു മോശം കാര്യമല്ല.”- അഗാർക്കർ പറയുന്നു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

“ആദ്യ രണ്ടു മത്സരങ്ങളിൽ മാത്രമാണ് താരങ്ങൾക്ക് വിശ്രമം. മൂന്നാം മത്സരത്തിൽ എല്ലാ താരങ്ങളും അണിനിരക്കും. നമ്മുടെ ലോകകപ്പ് സ്ക്വാഡാവും മൂന്നാം മത്സരത്തിൽ കളിക്കുക. ആദ്യ രണ്ടു മത്സരങ്ങളിൽ സീനിയർ താരങ്ങൾ പുറത്തിരിക്കുന്നതിനാൽ തന്നെ, കുറച്ചുനാളുകളായി ടീമിന് പുറത്തിരിക്കുന്ന താരങ്ങൾക്ക് അവസരം ലഭിക്കും. എന്നിരുന്നാലും ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള സ്ക്വാഡും വളരെ ശക്തമാണ്. ഞാൻ പറഞ്ഞതുപോലെ തന്നെ ഏഷ്യാകപ്പിൽ നമുക്ക് ഇത്രമാത്രം അവസരം ലഭിച്ചിരുന്നില്ലയെങ്കിൽ, മറ്റൊരു തീരുമാനം നമ്മൾ കൈക്കൊണ്ടേനെ.”- അഗാർക്കർ കൂട്ടിച്ചേർക്കുന്നു.

ഇതിനൊപ്പം രവിചന്ദ്രൻ അശ്വിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയും അജിത്ത് അഗാർക്കർ സംസാരിക്കുകയുണ്ടായി. “അക്ഷർ പട്ടേൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്നാണ് ഞങ്ങൾ കരുതുന്നത്. ഏഷ്യാകപ്പ് ഫൈനലിൽ അക്ഷറിന്റെ അഭാവത്തിൽ വാഷിംഗ്ടൺ സുന്ദറായിരുന്നു കളിച്ചിരുന്നത്. പരിചയസമ്പന്നനായ അശ്വിൻ ഇപ്പോൾ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. അത് ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ഓപ്ഷൻ നൽകുന്നു. ഏതെങ്കിലും സമയത്ത് അശ്വിനെ ആവശ്യമായി വന്നാൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.”- അഗാർക്കർ പറഞ്ഞുവയ്ക്കുന്നു.

Scroll to Top