ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും തുടക്കം മുതലാക്കാൻ സാധിക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഭേദപ്പെട്ട ഒരു തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കുന്നതിൽ സഞ്ജു പൂർണമായി പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും നിതീഷ് റാണയ്ക്കൊപ്പം ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർക്കാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 16 പന്തുകളിൽ 20 റൺസ് സ്വന്തമാക്കിയ ശേഷമായിരുന്നു സഞ്ജു സാംസൺ കൂടാരം കയറിയത്. നൂർ അഹമ്മദിന്റെ പന്തിയിരുന്നു സഞ്ജു പുറത്തായത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു ഓപ്പണായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. എന്നാൽ ആദ്യ ഓവറിൽ തന്നെ തന്റെ പങ്കാളിയായ ജയസ്വാളിനെ സഞ്ജുവിന് നഷ്ടമായി. ശേഷമെത്തിയ നിതീഷ് റാണ പവർപ്ലേ ഓവറുകളിൽ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇതോടെ സഞ്ജു ഒരു രണ്ടാം ഫീഡിൽ കളിക്കാനായി തയ്യാറായി. പവർപ്ലേ ഓവറുകളിൽ അടക്കം നിതീഷ് റാണയ്ക്ക് കൂടുതലായി സിംഗിളുകൾ നൽകി മത്സരം മുന്നോട്ടു കൊണ്ടുപോകാനാണ് സഞ്ജു ശ്രമിച്ചത്.
ഒരുവശത്ത് നിതീഷ് റാണ അടിച്ചു തകർത്തപ്പോൾ മറുവശത്ത് സഞ്ജു സെൻസിബിളായ ഒരു ക്യാപ്റ്റൻ ഇന്നിങ്സാണ് കളിച്ചത്. പക്ഷേ 16 പന്തുകളിൽ 20 റൺസ് സ്വന്തമാക്കിയ സഞ്ജു സാംസൺ നൂർ അഹമദിന്റെ പന്തിൽ പുറത്താകുകയുണ്ടായി. മത്സരത്തിന്റെ എട്ടാം ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു സാംസൺ പുറത്തായത്. നൂറ് അഹമ്മദിനെതിരെ ഒരു സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ ലോങ് ഓഫിൽ ഉണ്ടായിരുന്ന രചിൻ രവീന്ദ്ര പന്ത് കൈപ്പിടിയിൽ ഒതുക്കുകയും സഞ്ജുവിനെ പുറത്താക്കുകയും ചെയ്തു. ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും ഒരു സിക്സറുമാണ് സഞ്ജു സ്വന്തമാക്കിയത്.
മത്സരത്തിലെ സഞ്ജുവിന്റെ വിക്കറ്റ് ചെന്നൈയെ സംബന്ധിച്ച് വളരെ ആശ്വാസമാണ് നൽകിയത്. കാരണം പവർപ്ലേ ഓവറുകളിൽ ചെന്നൈ ബോളന്മാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ രാജസ്ഥാന്റെ ബാറ്റർമാർക്ക് സാധിച്ചിരുന്നു. സഞ്ജു സാംസൺ ക്രീസിൽ തുടരുകയായിരുന്നു എങ്കിൽ, ഒരുപക്ഷേ അവസാന ഓവറുകളിൽ രാജസ്ഥാന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറിയേനെ. എന്നാൽ കൃത്യമായ സമയത്ത് സഞ്ജുവിനെ പുറത്താക്കി നൂർ അഹമ്മദ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.