ഏഷ്യാകപ്പിൽ ഇന്ത്യ നടത്തിയ ദയനീയമായ പ്രകടനം കണക്കിലെടുത്ത് ഇന്ത്യൻ ടീമിൽ അഴിച്ചു പണി നടത്തിയേക്കും എന്ന് സൂചന. അങ്ങനെ നടക്കുകയാണെങ്കിൽ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന 20-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഭാഗമാകും എന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങൾ ബിസിസിഐ ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ചതായാണ് ഒരു പ്രമുഖ സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാകപ്പിന് മുമ്പ് നടന്ന ഇന്ത്യൻ പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ഏഷ്യാകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററായി അവസരം നൽകിയത് പന്തിനായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം പല ക്രിക്കറ്റ് ആരാധകരും ഉയർത്തിയിരുന്നു. എന്നാൽ ലഭിച്ച അവസരം വേണ്ടത്ര നല്ല രീതിയിൽ മുതലാക്കാൻ പന്തിന് സാധിച്ചില്ല. വിക്കറ്റിന് മുന്നിലും പിന്നിലും തീർത്തും പരാജയമായി പന്ത് മാറി.
പന്ത് നിറം മങ്ങിയതോടെയാണ് പന്തിനെ ടീമിൽ നിന്നും മാറ്റി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായത്. 20-20 യിൽ പന്തിന് ഇനി അവസരം നൽകരുത് എന്നും 20-20യിൽ ഇന്ത്യൻ യുവതാരത്തിന് ഇനി കൂടുതലൊന്നും ചെയ്യാനില്ലെന്നും പലരും അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോകകപ്പിൽ പന്തിനെ മാറ്റി സഞ്ജുവിന് അവസരം നൽകണമെന്ന് ഡാഡിഷ് കനേരിയടക്കം അഭിപ്രായപ്പെട്ടു.
പക്വത കുറവായിരുന്നു സഞ്ജുവിന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാൽ അതെല്ലാം ശ്രദ്ധിച്ച് വളരെ മികച്ച രീതിയിലാണ് താരം ഇപ്പോൾ ബാറ്റ് ചെയ്യുന്നത്. അത് ഏഷ്യകപ്പിന് മുമ്പുള്ള പരമ്പരകളിൽ ഇന്ത്യൻ ആരാധകർക്ക് കാണിച്ചു കൊടുക്കുവാനും താരത്തിന് സാധിച്ചു. സഞ്ജുവിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കാണും എന്നാണ് എല്ലാ ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നത്.