തന്റെ സഹാനുഭൂതിയുള്ള പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. മൈതാനത്ത് ഒരു ക്രിക്കറ്ററാണെങ്കിലും മൈതാനത്തിന് പുറത്ത് ഒരു സാധാരണക്കാരനായി തന്റെ ആരാധകരെ ചേർത്തുപിടിക്കാൻ എന്നെന്നും സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സഞ്ജുവിന്റെ ലാളിത്യം വിളിച്ചോതുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സഞ്ജു സാംസനെ കാണണം എന്ന മലയാളി കുട്ടി ആരാധകരുടെ ആഗ്രഹം നിറവേറ്റിയാണ് സഞ്ജു ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. മുഹമ്മദ് യാസീൻ എന്ന തന്റെ ആരാധകന്റെയൊപ്പം ക്രിക്കറ്റ് കളിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.
അംഗപരിമിതനായ സഞ്ജുവിന്റെ കൊച്ചു ആരാധകന്റെ ഏറ്റവും വലിയ ആഗ്രഹം സഞ്ജു സാംസനെ കാണണമെന്ന് തന്നെയായിരുന്നു. ഇത് സഞ്ജുവിനെ ബോധിപ്പിച്ച് മുൻപ് തന്നെ യാസീൻ എന്ന കുട്ടി ആരാധകൻ രംഗത്തെത്തുകയും ചെയ്തു. ആ സമയത്ത് തന്നെ സഞ്ജു യാസീന് വാക്കു നൽകിയിരുന്നു.
താൻ നാട്ടിലെത്തിയശേഷം ഉറപ്പായും കണ്ടുമുട്ടാം എന്നും സഞ്ജു പറഞ്ഞിരുന്നു. ഈ വാക്ക് പൂർണമായും പാലിച്ചാണ് സഞ്ജു ഇപ്പോൾ ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ പരിശീലനത്തിന്റെ ഭാഗമായി നാട്ടിലെത്തിയ സഞ്ജു മുഹമ്മദ് യാസീനെ കാണുകയും ഒപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു.
യാസീൻ എറിഞ്ഞ പന്തുകളെ നേരിടുന്ന സഞ്ജുവിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഒപ്പിട്ട തൊപ്പി യാസീന് നൽകി കൊണ്ടാണ് സഞ്ജു ഹൃദയം കീഴടക്കിയത്. മാത്രമല്ല തന്റെ കുടുംബത്തെയും കൂട്ടി യാസീന്റെ വീട്ടിലേക്ക് വരാമെന്ന ഉറപ്പും സഞ്ജു നൽകുകയുണ്ടായി.
തന്റെ കഴിവുകൾ കൊണ്ട് വളരെയധികം ശ്രദ്ധ ആകർഷിച്ച കുട്ടി ആരാധകന്റെ വലിയ ആഗ്രഹമാണ് സഞ്ജു സാംസൺ നിറവേറ്റിയിരിക്കുന്നത്. എന്തുകൊണ്ടാണ് സഞ്ജു സാംസണ് ലോകത്താകമാനം ഇത്രയധികം ആരാധകർ എന്ന് വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇത്.
ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം എഡിഷന് മുന്നോടിയായുള്ള പരിശീലനത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസൺ. വെള്ളിയാഴ്ചയാണ് താരം പരിശീലനത്തിനായി ഇറങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സഞ്ജു സ്റ്റേഡിയത്തിൽ എത്തുകയും തന്റെ തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ഈ മാസം 22നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക. സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഐപിഎൽ സീസണാണ് വരാനിരിക്കുന്നത്. ഈ ഐപിഎല്ലിൽ മികവ് പുലർത്തിയാൽ മാത്രമേ സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സാധിക്കൂ.