സഞ്ജു രോഹിതിനെ പോലെയുള്ള നായകൻ. എല്ലാവരെയും സുരക്ഷിതരാക്കുന്നു. ജൂറൽ പറയുന്നു..

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണയും വളരെ വലിയ പ്രതീക്ഷയിലാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ടീം കളത്തിൽ ഇറങ്ങുന്നത്.

ഒരുപിടി യുവ താരങ്ങളും അനുഭവ സമ്പത്തുള്ള വമ്പൻ താരങ്ങളുമാണ് രാജസ്ഥാനായി ഇത്തവണയും കളത്തിൽ ഇറങ്ങുന്നത്. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ പ്രതീക്ഷകളെ പറ്റി യുവതാരം ധ്രുവ് ജൂറൽ സംസാരിക്കുകയുണ്ടായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് ജൂറൽ ഐപിഎല്ലിലേക്ക് എത്തുന്നത്. മലയാളി താരം സഞ്ജു സാംസണിന്റെ കീഴിൽ മികവ് പുലർത്താൻ തനിക്ക് സാധിക്കുമെന്ന് ജൂറൽ വിശ്വസിക്കുന്നു.

സഞ്ജു സാംസണിന്റെ നായകത്വത്തെ പറ്റി വാ തോരാതെ സംസാരിച്ചാണ് ജൂറൽ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. “കഴിഞ്ഞ 3 വർഷങ്ങളായി ഞാൻ സഞ്ജു സാംസണിന്റെ കീഴിലാണ് ഐപിഎൽ കളിക്കുന്നത്. വളരെ മികച്ച സ്വഭാവമുള്ള താരം തന്നെയാണ് സഞ്ജു സാംസൺ. രോഹിത് ശർമയെ പോലെയാണ് പല സമയത്തും സഞ്ജുവിനെ എനിക്ക് തോന്നാറുള്ളത്.”

“വ്യക്തിത്വത്തിന്റെ കാര്യത്തിൽ രോഹിത് ശർമയ്ക്ക് ഒപ്പം സഞ്ജുവെത്തും. അവൻ എല്ലായിപ്പോഴും തന്റെ തന്ത്രങ്ങളെപ്പറ്റി സംസാരിക്കാറുണ്ട്. മാത്രമല്ല എല്ലായിപ്പോഴും താരങ്ങൾക്ക് ഒരു സുരക്ഷിതാവസ്ഥ ഉണ്ടാക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്.”- ജൂറൽ പറയുന്നു.

“എന്റെ ആദ്യ സീസണിൽ ഞാൻ എല്ലായിപ്പോഴും ടീമിന്റെ ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം പിടിച്ചത്. എനിക്ക് മതിയായ രീതിയിൽ മത്സരങ്ങളിൽ കളിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും അത്തരത്തിൽ ഒരു വികാരം എന്നിൽ സഞ്ജു ഉണ്ടാക്കിയിരുന്നില്ല.”

“സഞ്ജു എല്ലാവരെയും ഒരേ പോലെ തന്നെയാണ് കാണുന്നത്. ഇപ്പോഴും മൈതാനത്തും മൈതാനത്തിന് പുറത്തും സഞ്ജു തന്റെ തന്ത്രങ്ങൾ വെളിപ്പെടുത്താറുണ്ട്. തന്റെ അനുഭവസമ്പത്ത് മറ്റുള്ളവരിലേക്ക് നൽകാനും സഞ്ജുവിന് സാധിക്കുന്നുണ്ട്.”- ജൂറൽ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ജുറലിനെ പല മുൻതാരങ്ങളും മഹേന്ദ്ര സിംഗ് ധോണിയുമായി ഉപമിച്ചിരുന്നു. ഇതേപ്പറ്റിയും ജൂറൽ വെളിപ്പെടുത്തി. താൻ അടുത്ത ധോണിയായി മാറുമോ എന്ന ചോദ്യത്തിന് ജൂറൽ നൽകിയ മറുപടി വളരെ രസകരമായിരുന്നു. ലോക ക്രിക്കറ്റിൽ ഒരേയൊരു മഹേന്ദ്ര സിംഗ് ധോണി മാത്രമേ ഉള്ളൂ എന്ന് ജൂറൽ പറയുകയുണ്ടായി. പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്ന് 4 ഇന്നിങ്സുകൾ ജുറൽ ബാറ്റ് ചെയ്തു. 190 റൺസ് ആണ് പരമ്പരയിൽ ഈ താരം നേടിയത്

Previous articleജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍
Next articleസൂര്യകുമാര്‍ യാദവിന്റെ ഹൃദയം തകർന്നു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കും നിരാശ.