ഋഷഭ് പന്തിനേക്കാൾ ടി20 ഫോർമാറ്റിൽ വിക്കറ്റ് കീപ്പർ-ബാറ്ററായി സഞ്ജു സാംസണാണ് മികച്ച ചോയ്സ് എന്ന് മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. റിഷഭ് പന്തിന് ആവശ്യത്തിലധികം അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ മാനേജ്‌മെന്റ് ഇപ്പോൾ സാംസണെ പിന്തുണക്കണമെന്നും കനേരിയ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള പന്തിന് ടി20യിൽ മോശം പ്രകടനമാണ് നടത്തുന്നത്. 56 മത്സരങ്ങൾക്ക് ശേഷം, 126.16 സ്ട്രൈക്ക് റേറ്റിൽ 23.60 ശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്.
പാക്കിസ്ഥാനെതിരെ പുറത്തായതിനെ ചൊല്ലി ഇടംകൈയ്യൻ നിരവധി വിമർശനങ്ങൾക്ക് വിധേയനായി. ലെഗ് സ്പിന്നർ ഷദാബ് ഖാനെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് 14 റൺസിനാണ് പുറത്തായത്. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ കീപ്പിങ്ങിനെക്കുറിച്ചായിരുന്നു പരാതി.
ടി20യിലെ പന്തിന്റെ തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു:
“റിഷഭ് പന്തിന് സ്വയം തെളിയിക്കാൻ ലഭിച്ച അവസരങ്ങളുടെ എണ്ണം സഞ്ജു സാംസണിന് ലഭിച്ചില്ല. എന്റെ അഭിപ്രായത്തിൽ, ടി20 ക്രിക്കറ്റിൽ സഞ്ജു സാംസണാണ് മികച്ച ചോയ്സ്. ടെസ്റ്റിലും ഏകദിനത്തിലും പന്ത് വളരെ മികച്ച കളിക്കാരനാണ്.” T20Iകളിൽ സാംസണിന് ഇന്ത്യയുടെ ഒരു സുപ്രധാന കളിക്കാരനാകാൻ കഴിയും. ദിനേശ് കാർത്തിക്കിന് എത്രകാലം തുടരാനാകും? ഒരു T20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ ഇന്ത്യ ഭാവിയിലേക്ക് നോക്കണം. ” കനേരിയ പ്രതികരിച്ചു.