2025 ഐപിഎല്ലിലെ തന്റെ ആദ്യ മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസൺ. ഹൈദരാബാദ് ഉയർത്തിയ വമ്പൻ വിജയലക്ഷം പിന്തുടരാനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഒരുവശത്ത് കൃത്യമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് സഞ്ജു സാംസൺ മുന്നേറിയത്. മത്സരത്തിൽ 66 റൺസ് നേടിയ ശേഷമാണ് സഞ്ജു പുറത്തായത്.
മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു സാംസൺ തുടക്കം മുതൽ ആക്രമിക്കാനാണ് ശ്രമിച്ചത്. നേരിട്ട ആദ്യ പന്തിൽ സഞ്ജുവിന് റൺസൊന്നും നേടാൻ സാധിച്ചില്ല. എന്നാൽ ആദ്യ ഓവറിലെ നാലാം പന്തിൽ സിക്സർ നേടിയാണ് സഞ്ജു ആക്രമണത്തിന് തിരികൊളുത്തിയത്. ശേഷം അടുത്ത 2 പന്തുകളിൽ ബൗണ്ടറി നേടി സഞ്ജു തന്റെ ഫോം വ്യക്തമാക്കി. പിന്നീട് മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടിട്ടും സഞ്ജു കൃത്യമായി മുൻപിലേക്ക് നീങ്ങുകയായിരുന്നു. മധ്യ ഓവറുകളിൽ ധ്രുവ് ജൂറലിനെ കൂട്ടുപിടിച്ചാണ് സഞ്ജു മുന്നേറിയത്. 26 പന്തുകളിലായിരുന്നു സഞ്ജു തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.
ഇതിന് ശേഷവും ജൂറലിനെ കൂട്ടുപിടിച്ച് രാജസ്ഥാന് പ്രതീക്ഷകൾ നൽകാൻ സഞ്ജു സാംസണ് സാധിച്ചു. എന്നാൽ മത്സരത്തിന്റെ പതിനാലാം ഓവറിലെ അവസാന പന്തിൽ സഞ്ജു സാംസൺ പുറത്താവുകയായിരുന്നു. ഹർഷൽ പട്ടേളിന്റെ പന്തിൽ ഒരു വമ്പൻ ഷോട്ട് കളിക്കാൻ സഞ്ജു ശ്രമിച്ചെങ്കിലും പന്ത് കീപ്പർ ക്ലാസന്റെ കൈകളിൽ എത്തുകയായിരുന്നു. 37 പന്തുകളിൽ 66 റൺസ് ആണ് സഞ്ജു മത്സരത്തിൽ നേടിയത്. 7 ബൗണ്ടറിറുകളും 4 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണ് എന്ന് തോന്നിപ്പിക്കുന്ന തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ഹൈദരാബാദിന്റെ അപകടകാരികളായ ഓപ്പണർമാർ തുടക്കത്തിൽ തന്നെ രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. അഭിഷേക് ശർമയും ഹെഡും അടിച്ചു തകർത്തതോടെ ഉത്തരമില്ലാതെ ഹൈദരാബാദ് മാറിനിൽക്കുകയായിരുന്നു. അഭിഷേക് ശർമ 11 പന്തുകളിൽ 24 റൺസ് നേടി. ട്രാവസ് ഹെഡ് 31 പന്തുകളിൽ 9 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 67 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ രാജസ്ഥാൻ മത്സരത്തിൽ പിന്നിലേക്ക് പോയി.
പിന്നീട് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാണാൻ സാധിച്ചത്. തന്റെ പുതിയ ടീമിനായി എല്ലാത്തരത്തിലും ആക്രമണ മനോഭാവത്തോടെയാണ് ഇഷാൻ കിഷൻ കളിച്ചത്. രാജസ്ഥാന്റെ പ്രധാന ബോളറായ ജോഫ്ര ആർച്ചറേയടക്കം പൂർണ്ണമായി ആക്രമിക്കാൻ താരത്തിന് സാധിച്ചു. മത്സരത്തിൽ 45 പന്തുകളിൽ നിന്ന് ഇഷാൻ കിഷൻ തന്റെ സെഞ്ച്വറിയും സ്വന്തമാക്കി. 47 പന്തുകളിൽ 11 ബൗണ്ടറികളും 6 സിക്സറുകളുമാടക്കം 106 റൺസ് നേടിയ ഇഷാൻ കിഷൻ മത്സരത്തിൽ പുറത്താവാതെ നിന്നു. ഇങ്ങനെ ഹൈദരാബാദ് നിശ്ചിത 20 ഓവറുകളിൽ 286 എന്ന റെക്കോർഡ് സ്കോറിൽ എത്തുകയായിരുന്നു.