ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. 178 എന്ന വിജയലക്ഷ്യം പിന്തുടർനിറങ്ങിയ രാജസ്ഥാൻ പവർപ്ലേ അവസാനിക്കുമ്പോൾ 26ന് 2 എന്ന മോശം അവസ്ഥയിലായിരുന്നു. ശേഷമാണ് സഞ്ജു സാംസൺ തന്റെ കൂറ്റനടികൾ ആരംഭിച്ചത്. കൃത്യമായ ഓവറുകളിൽ ബൗണ്ടറികൾ നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഗുജറാത്ത് നിരയിൽ സഞ്ജു സാംസന്റെ കയ്യിൽ നിന്നും ഏറ്റവുമധികം തല്ലു വാങ്ങിയത് റാഷിദ് ഖാനാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്വന്റി20 സ്പിന്നറായ റാഷിദിനെ സഞ്ജു തുടർച്ചയായി മൂന്ന് തവണ സിക്സർ പായിക്കുകയുണ്ടായി. മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിലെ 13ആം ഓവറിലായിരുന്നു തുടർച്ചയായ 3 പന്തുളിൽ സഞ്ജു റാഷിദിനെ അടിച്ചു തൂക്കിയത്. ഇതോടെ കുറച്ചധികം റെക്കോർഡുകളും സഞ്ജു സാംസൺ സ്വന്തമാക്കുകയുണ്ടായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റർമാർക്ക് ഏറ്റവും ഭയമുള്ള സ്പിന്നറാണ് റാഷിദ് ഖാൻ. ഇതുവരെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ മാത്രമാണ് റാഷിദ് കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ സഞ്ജുവിന്റെ അടിയിൽ റാഷിദ് പതറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ റാഷിദ് ഖാനെതിരെ ഹാട്രിക് സിക്സർ നേടുന്ന രണ്ടാമത്തെ താരമായി സഞ്ജു മാറി. മുൻപ് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലായിരുന്നു റാഷിദ് ഖാനെതിരെ തുടർച്ചയായ പന്തുകളിൽ സിക്സറുകൾ നേടിയത്. അന്ന് റാഷിദിനെ തുടർച്ചയായി നാലു തവണയാണ് ഗെയിൽ അതിർത്തി കടത്തിയത്.
മാത്രമല്ല ഐപിഎല്ലിൽ റാഷിദിനെതിരെ ഏറ്റവുമധികം സിക്സർ നേടുന്ന ബാറ്റർമാരുടെ പട്ടികയിലും ഇടം പിടിക്കാൻ സഞ്ജു സാംസണ് ഇതോടെ സാധിച്ചു. നിലവിൽ റാഷിദ് ഖാനെതിരെ 7 സിക്സറുകൾ നേടിയിട്ടുള്ള ക്രിസ് ഗെയ്ലാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 5 സിക്സറുകൾ റാഷിദ് ഖാന്റെ പന്തിൽ നേടിയിട്ടുള്ള സാംസനും വാട്സനും ബട്ലറും ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇങ്ങനെ ഒരുപാട് റെക്കോർഡുകളാണ് സഞ്ജു സാംസൺ മത്സരത്തിൽ തിരുത്തിക്കുറിച്ചത്.
മത്സരത്തിൽ ആകെ 6 സിക്സറുകളായിരുന്നു സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 32 പന്തുകൾ നേരിട്ട സഞ്ജു 60 റൺസാണ് നേടിയത്. പിന്നീട് ഹെറ്റ്മെയ്ർ കൂടി രാജസ്ഥാനായി കളം നിറഞ്ഞതോടെ ഒരു ത്രസിപ്പിക്കുന്ന വിജയം രാജസ്ഥാൻ മത്സരത്തിൽ നേടുകയായിരുന്നു. 26 പന്തുകളിൽ 56 റൺസാണ് ഹെറ്റ്മെയ്ർ നേടിയത്. രാജസ്ഥാന്റെ ഈ സീസണിലെ നാലാം വിജയമാണ് ഗുജറാത്തിനെതിരെ ഉണ്ടായത്. വരും മത്സരങ്ങളിലും ഇത്തരത്തിൽ സഞ്ജു പട മികവുപുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.