ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ സഞ്ജു സാംസണിന്റെ പുറത്താകൽ വളരെയധികം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മത്സരത്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ ലോങ് ഓണിൽ ഉണ്ടായിരുന്ന ഫീൽഡറുടെ കൈയിലേക്ക് പന്ത് ചെന്നെത്തി. പക്ഷേ ഈ സമയത്ത് ഫീൽഡർ ബൗണ്ടറി റോപ്പിൽ സ്പർശിച്ചിരുന്നു എന്ന രീതിയിലാണ് റിപ്ലെകളിൽ നിന്ന് വ്യക്തമായത്.
പക്ഷേ തേർഡ് അമ്പയർ ഇത് സൂക്ഷ്മമായി നിരീക്ഷിക്കാതെ തന്നെ സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ സഞ്ജു മൈതാനത്ത് തുടരുകയും അമ്പയറുമായി സംസാരിക്കുകയും ചെയ്തു.
ഇതിനെതിരെ ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുകയാണ് ബിസിസിഐ. ബിസിസിഐയുടെ കോഡ് ഓഫ് കൺടക്ട് അനുസരിച്ച് സഞ്ജു സാംസൺ ശിക്ഷയാർഹിക്കുന്നുണ്ട് എന്നാണ് വ്യക്തമാവുന്നത്. ഒരു വലിയ പിഴ തന്നെയാണ് സഞ്ജുവിന് മേൽ ബിസിസിഐ ചുമത്തിയിരിക്കുന്നത്. മത്സരത്തിൽ അമ്പയറുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടതിനാൽ തന്നെ മാച്ച് ഫീസിന്റെ 30% സഞ്ജു സാംസൺ പിഴയായി അടക്കേണ്ടതുണ്ട്. ഇത് ആദ്യമായാണ് സഞ്ജു സാംസണ് ഇത്തരത്തിൽ വാക്ക് തർക്കത്തിന്റെ പേരിൽ പിഴ ലഭിക്കുന്നത്.
എന്നിരുന്നാലും മത്സരത്തിലെ വളരെ നിർണായകമായ ഒരു തീരുമാനം തന്നെയായിരുന്നു സഞ്ജു സാംസണിന്റെ ഈ പുറത്താവലിലൂടെ ഉണ്ടായത്. മത്സരത്തിലെ സഞ്ജു സാംസണിന്റെ വിവാദപരമായ പുറത്താവലിനെ പറ്റി കുമാർ സംഗക്കാര സംസാരിക്കുകയുണ്ടായി.
“ഇത്തരം തീരുമാനങ്ങൾ പ്രധാനമായും റീപ്ലെകളെയും ആംഗിളുകളെയും ആശ്രയിച്ചിരിക്കുന്നു. ചില സമയങ്ങളിൽ ഇത്തരത്തിൽ കാൽപാദം ബൗണ്ടറിയിൽ സ്പർശിച്ചു എന്ന് നമുക്ക് തോന്നാം. എന്നിരുന്നാലും തേർഡ് അമ്പയറെ സംബന്ധിച്ചിടത്തോളം ഇത് കണ്ടുപിടിക്കുക എന്നത് വളരെ കഠിനമായ ഒരു കാര്യം തന്നെയാണ്. ആ സമയത്ത് മത്സരം ഒരു നിർണായ ഘട്ടത്തിലും ആയിരുന്നു. പക്ഷേ അത് സംഭവിച്ചു.”- സംഗക്കാര പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 221 റൺസാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ശേഷമാണ് സഞ്ജു സാംസൺ ക്രീസിലുറച്ച് ആക്രമണം അഴിച്ചു വിട്ടത്. മത്സരത്തിൽ 28 പന്തുകളിൽ നിന്ന് തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. 46 പന്തുകളിൽ 8 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 86 റൺസാണ് താരം നേടിയത്. പക്ഷേ നിർണായക സമയത്ത് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയായി. മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്.