“നേരത്തെ സംഭവിക്കേണ്ട സെഞ്ച്വറി. പക്ഷേ ഒട്ടും വൈകിയിട്ടില്ല”, സഞ്ജുവിന് പ്രശംസകളുമായി പ്രമുഖര്‍.

sanju waiting

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണിന് എല്ലായിടത്തു നിന്നും പ്രശംസകൾ എത്തുകയാണ്. മത്സരത്തിൽ 40 പന്തുകളിൽ നിന്നായിരുന്നു സഞ്ജു തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്.

ഒരു ഇന്ത്യൻ താരത്തിന്റെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് സഞ്ജു മത്സരത്തിൽ നേടിയത്. മത്സരത്തിൽ 47 പന്തുകളിൽ 111 റൺസ് സ്വന്തമാക്കാൻ മലയാളി താരത്തിന് സാധിച്ചു. 11 ബൗണ്ടറികളും 8 സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഇതിനുശേഷം സഞ്ജുവിന് പ്രശംസകളുമായി രംഗത്തെത്തിയത് ശശി തരൂർ എംപിയും, ബിസിസിഐ സെക്രട്ടറി ജയ് ഷായും, മുൻ ഇന്ത്യൻ താരം ഹർഷാ ഭോഗ്ലെയുമാണ്.

മത്സരത്തിൽ അർഹതപ്പെട്ട സെഞ്ച്വറിയാണ് സഞ്ജു സ്വന്തമാക്കിയത് എന്ന് ജയ് ഷാ പറയുകയുണ്ടായി. “ഇന്ത്യ പരമ്പര തൂത്തുവാരി. ഇപ്പോൾ 297 എന്ന ഞങ്ങളുടെ സ്കോർ ട്വന്റി20 ചരിത്രത്തിലെ ഒരു മുഴുവൻ അംഗ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. മത്സരത്തിൽ സഞ്ജു സാംസന്റെ ബാറ്റിംഗ് നന്നായി ആസ്വദിക്കാൻ എനിക്ക് സാധിച്ചു. അർഹതപ്പെട്ട സെഞ്ച്വറിയാണ് സഞ്ജു മത്സരത്തിൽ നേടിയത്. നേരത്തെ തന്നെ ഇത് സംഭവിക്കേണ്ടിയിരുന്നു. പക്ഷേ ഇപ്പോഴും വൈകിയിട്ടില്ല എന്നത് മനസ്സിലാക്കുന്നു. സൂര്യകുമാർ യാദവും ഹർദിക് പാണ്ട്യയും മത്സരത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. സീനിയർ താരങ്ങൾ ടീമിൽ എന്താണ് ചെയ്യേണ്ടത് എന്ന് അവർ കാട്ടിത്തന്നു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലേക്കാണ് ഇനി എല്ലാവരും കണ്ണ് നട്ടിരിക്കുന്നത്.”- ജയ് ഷാ പറയുന്നു.

അതേസമയം സഞ്ജുവിന്റെ മികച്ച പ്രകടനം നേരിട്ട് കാണാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ശശി തരൂർ സംസാരിച്ചത്. സഞ്ജു മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കുമ്പോൾ താൻ തന്റെ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ആയിരുന്നു എന്നാണ് തരൂർ പറഞ്ഞത്. അതിനാൽ സഞ്ജുവിന്റെ പ്രകടനം നേരിട്ട് കാണാൻ എനിക്ക് സാധിച്ചില്ല എന്ന് എംപി കൂട്ടിച്ചേർത്തു.

Read Also -  ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

“ഈ പ്രകടനം നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഇത്തരം മികച്ച പ്രകടനങ്ങൾ സഞ്ജുവിൽ നിന്ന് ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. സഞ്ജുവിന്റെ ഈ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്വന്റി20 സെഞ്ച്വറിയാണ് താരം നേടിയത്. സഞ്ജു തുടരുക.”- തരൂർ പറയുന്നു.

സഞ്ജുവിനെ അങ്ങേയറ്റം അഭിനന്ദിച്ചാണ് മുൻ ഇന്ത്യൻ താരം ഹർഷാ ഭോഗ്ലെയും സംസാരിച്ചത്. “ഒരിക്കലും ഒരു നല്ല കളിക്കാരനെ നമുക്ക് ഒരുപാട് നാൾ പിന്നിലാക്കാൻ സാധിക്കില്ല. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു സ്പെഷ്യൽ നിമിഷമാണ്. അവനൊരു സ്പെഷ്യൽ കളിക്കാരനാണ് എന്ന കാര്യത്തിൽ സംശയമില്ല. എല്ലായിപ്പോഴും എന്റെ ട്വന്റി20 ടീമിലെ അംഗമാണ് സഞ്ജു.”- ഹർഷ പറഞ്ഞു.

രണ്ടാം മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ സഞ്ജുവിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാത്തിനുമുള്ള മറുപടി സഞ്ജു ഇപ്പോൾ നൽകിയിരിക്കുകയാണ്.

Scroll to Top