ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പരമ്പരക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നതാണ് സ്ക്വാഡിലെ പ്രധാന ആകർഷണം.
പ്പം സഞ്ജു സാംസൺ ട്വന്റി20 സ്ക്വാഡിലേക്ക് തിരികെയെത്തിയതും, ഇഷാൻ കിഷൻ ടീമിന് പുറത്തേക്ക് പോയതും വാർത്തയായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് വളരെ വലിയൊരു അവസരം തന്നെയാണ് കൈവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ഇഷാൻ കിഷന്റെ ഒരു താൽക്കാലിക പകരക്കാരനായല്ല സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരമ്പരയിൽ കഴിവ് തെളിയിച്ചാൽ സഞ്ജുവിന് ട്വന്റി20 ലോകകപ്പിലേക്കും അവസരം കിട്ടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗാളി വാർത്താ മാധ്യമമായ ആനന്ദബസാറിന്റെ റിപ്പോർട്ട് പ്രകാരം, സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഒരുപാട് അവസരങ്ങൾ ഒരുങ്ങുന്നുണ്ട്. ഇഷാൻ കിഷനും ഇന്ത്യൻ ടീം മാനേജ്മെന്റും തമ്മിലുള്ള ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്തരം ഒരു വാർത്ത പുറത്തുവരുന്നത്. മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ മൂലം ഇഷാൻ മാറി നിന്നിരുന്നു. ശേഷം ഇപ്പോൾ മാനസിക പരമായ കാര്യങ്ങൾ കൊണ്ട് ഇഷാൻ ട്വന്റി20 സ്‌ക്വാഡിൽ നിന്നും മാറി നിൽക്കുകയാണ്.
പക്ഷേ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ ഇഷാൻ കിഷൻ പങ്കെടുത്ത വിവരം ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ടീം മാനേജ്മെന്റിനെയാകെ അത്ഭുതത്തിലാക്കി. ശേഷം വലിയൊരു ടെലിവിഷൻ ചോദ്യോത്തര പരിപാടിയിലും ഇഷാൻ കിഷൻ പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളാണ് കൂടുതൽ സംശയങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. ഇന്ത്യൻ ടീം മാനേജ്മെന്റും ഇഷാനും തമ്മിൽ നടക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വലിയ സംശയങ്ങൾ തന്നെ ഉദിച്ചു.
ഇത്തരത്തിൽ കാര്യങ്ങൾ മുൻപോട്ടു പോവുകയാണെങ്കിൽ 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന് സ്ഥാനം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ഇതോടുകൂടി സഞ്ജു സാംസണ് പുതിയ അവസരങ്ങളാണ് കൈവന്നിരിക്കുന്നത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം രാഹുലിനും ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാവാനുള്ള അവസരം കൈവന്നിരിക്കുകയാണ്. എന്നാൽ അഫ്ഗാനെതിരായ ട്വന്റി20 പരമ്പരയിലേക്ക് ഇന്ത്യ രാഹുലിനെ തിരഞ്ഞെടുത്തിട്ടില്ല. 3 ട്വന്റി20 മത്സരങ്ങളിലും സഞ്ജു സാംസൺ മികവ് പുലർത്തുകയാണെങ്കിൽ അത് സഞ്ജുവിന് വലിയൊരു അവസരം തന്നെയാണ്.
പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി സഞ്ജു മികവ് പുലർത്തിയാൽ, ഉറപ്പായും താരം ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചേക്കും. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വലിയ ഒരു അവസരം തന്നെയാണ് കൈവന്നിരിക്കുന്നത്. ഇത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കി തകർപ്പൻ ഇന്നിംഗ്സ് ഇന്ത്യക്കായി സഞ്ജു കാഴ്ച വച്ചിരുന്നു. ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കുക എന്നതാണ് സഞ്ജുവിന്റെ മുൻപിലുള്ള വലിയ കടമ്പ.