ഒറ്റക്കാലിൽ ആണെങ്കിലും റിഷഭ് പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവണം. സുനിൽ ഗവാസ്കറിന്റെ നിർദ്ദേശം ഇങ്ങനെ.

RISHAB PANT VS PAKISTAN

2024 ട്വന്റി20 ലോകകപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി വിക്കറ്റ് കീപ്പർ ബാറ്റർ റോളിലേക്ക് കൃത്യമായ ഒരു താരത്തെ കണ്ടെത്തുക എന്നതാണ്. ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സഞ്ജു സാംസൺ, ജിതേഷ് ശർമ, റിഷഭ് പന്ത് എന്നിവരാണ് നിലവിൽ ഇന്ത്യയ്ക്ക് മുൻപിലുള്ള ഓപ്ഷനുകൾ. ഇതിൽ ഇഷാൻ കിഷന്റെ കാര്യത്തിൽ വലിയ രീതിയിൽ അവ്യക്തതകൾ നിലനിൽക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറായി ആര് എത്തണമെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. കെഎൽ രാഹുലാണ് ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറാവാൻ സാധ്യതയുള്ള താരം എന്ന് ഗവാസ്കർ പറയുന്നു. എന്നിരുന്നാലും എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ റിഷഭ് പന്തിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ഗവാസ്കറുടെ പക്ഷം.

ഇന്ത്യയെ സംബന്ധിച്ച് പന്ത് ഒരു മാച്ച് വിന്നറാണ് എന്ന് സുനിൽ ഗവാസ്കർ പറയുന്നു. താനാണ് സെലക്ടറെങ്കിൽ ഉറപ്പായും പന്തിനെ ടീമിൽ ഉൾപ്പെടുത്തിയേനെ എന്നാണ് ഗവാസ്കർ പറയുന്നത്. “ഈ സാഹചര്യത്തിൽ കെഎൽ രാഹുലിനെയാണ് ഞാൻ ടീമിന്റെ വിക്കറ്റ് കീപ്പറായി കാണുന്നത്. എന്നിരുന്നാലും ഒരു കാര്യം പറയാതിരിക്കാൻ സാധിക്കില്ല. റിഷഭ് പന്ത് ഒറ്റക്കാലിൽ ആണെങ്കിലും,ഫിറ്റ് ആണെങ്കിൽ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തണം. കാരണം പന്ത് എല്ലാ ഫോർമാറ്റിലും ഒരു ഗെയിം ചേഞ്ചറാണ്. ഞാനായിരുന്നു സെലക്ടറെങ്കിൽ പന്തിന്റെ പേര് ആദ്യം തന്നെ ലിസ്റ്റിൽ എഴുതി ചേർത്തേനെ.”- ഗവാസ്കർ പറയുന്നു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

“റിഷഭ് പന്ത് ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലാത്ത പക്ഷം കെഎൽ രാഹുലായിരിക്കും വിക്കറ്റ് കീപ്പർ. അതും ഇന്ത്യയെ സംബന്ധിച്ച് നല്ലതാണ്. എന്തെന്നാൽ ടീമിന് ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ രാഹുലിന് സാധിക്കും. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് രാഹുലിനെ ഏത് പൊസിഷനിൽ വേണമെങ്കിലും കളിപ്പിക്കാനാവും.”

“ഒരു ഓപ്പണറായോ, മധ്യനിര ബാറ്ററായോ, ഫിനിഷറായോ, അഞ്ചോ ആറോ നമ്പറുകളിലോ രാഹുലിനെ ഇന്ത്യയ്ക്ക് ഉൾപ്പെടുത്താൻ സാധിക്കും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു. ഒപ്പം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനുള്ള വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്തുന്നതിൽ 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പ്രധാന പങ്കുവഹിക്കും എന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

“കളിക്കാർക്കിടയിലുള്ള മത്സരം വളരെ നല്ലതാണ്. ജിതേഷും രാഹുലും പന്തും മികച്ച താരങ്ങൾ തന്നെയാണ്. നമ്മൾ ജിതേഷ് ശർമയെ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. അയാൾ മികച്ച ഒരു സ്ട്രൈക്കറും ഫിനിഷറുമാണ്. ട്വന്റി20 ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാർ സാധാരണയായി കുറച്ച് പിന്നിലേക്കാണ് നിൽക്കാറുള്ളത്.”

“സ്റ്റമ്പിന് തൊട്ടടുത്ത് നിൽക്കാറില്ല. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങ്ങിൽ ഒരുപാട് മികവ് പുലർത്താത്തവരായാലും ബാറ്റിംഗിൽ മികച്ച പ്രകടനം നടത്തിയാൽ ടീമിലേക്ക് എത്താൻ സാധിക്കും.”- ഗവാസ്കർ പറഞ്ഞു വെക്കുന്നു.

Scroll to Top