രാജസ്ഥാൻ റോയൽസ് ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയ മത്സരം തന്നെയായിരുന്നു സൺറൈസേർസ് ഹൈദരാബാദിനെതിരെ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മികവാർന്ന പ്രകടനം കാഴ്ചവച്ചിരുന്നു. 214 റൺസാണ് രാജസ്ഥാൻ ആദ്യ ഇന്നിങ്സിൽ നേടിയത്. എന്നാൽ അത്ഭുതകരമായ രീതിയിൽ ഹൈദരാബാദ് ഈ റൺസ് മറികടക്കുകയുണ്ടായി. മത്സരത്തിന്റെ അവസാന നാല് ഓവറുകളിൽ 57 റൺസായിരുന്നു ഹൈദരാബാദിന് ആവശ്യമായി ഉണ്ടായിരുന്നത്. ശേഷം ഇമ്പാക്ട് പ്ലെയർ ഒബഡ് മക്കോയ് ബോൾ ചെയ്യാനെത്തുകയും 13 റൺസ് വഴങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മക്കോയ്ക്ക് സഞ്ജു സാംസൺ മത്സരത്തിൽ ഓവറുകൾ നൽകിയില്ല. ഇതിനെതിരെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റർ സൈമൺ ഡൂൾ.
മത്സരത്തിൽ സഞ്ജു കാണിച്ച വലിയ മണ്ടത്തരം തന്നെയാണ് അവസാന ഓവറുകളിൽ മക്കോയ്ക്ക് ബോൾ നൽകാതിരുന്നത് എന്നാണ് സൈമൺ ഡൂൽ പറയുന്നത്. “എന്തുകൊണ്ടാണ് അവർ മക്കോയെ അവസാന ഓവറുകളിൽ എറിയിപ്പിക്കാതിരുന്നത് എന്നതിനെപ്പറ്റി എനിക്ക് മനസ്സിലാവുന്നില്ല. ആദ്യ ഓവറിൽ മക്കോയ് 13 റൺസ് വഴങ്ങി എന്നുള്ളത് സത്യമാണ്. എന്നാൽ ആ ഓവറിൽ ഒരു ക്യാച്ച് സഞ്ജു സാംസൺ നഷ്ടപ്പെടുത്തിയിരുന്നു. രാഹുൽ ത്രിപാതിയുടെ ഗ്ലൗസിൽ കൊണ്ടുവന്ന പന്ത് സഞ്ജു സാംസൺ നിലത്ത് കളയുകയായിരുന്നു. അത് മത്സരത്തിൽ ഒരു നിർണായക ടേണിങ് പോയിന്റായി. ആ ഓവറിൽ 13 റൺസ് വഴങ്ങിയെങ്കിലും സഞ്ജു, മക്കോയെ അവസാന ഓവറുകളിൽ എറിയിപ്പിക്കേണ്ടിയിരുന്നു. അയാൾ മികച്ച ഒരു ഡെത്ത് ബോളറാണ്.”- സൈമൺ ഡൂൾ പറഞ്ഞു.
“മക്കോയ് വലിയ വേരിയേഷനുകൾ എറിയാൻ സാധിക്കുന്ന ബോളറാണ്. അയാൾക്ക് മികച്ച സ്ലോവേർ ബോളുണ്ട്. യോർക്കറുകളും എറിയാൻ സാധിക്കും. അവസാന ഓവറുകളിൽ അയാളുടെ പന്തുകൾ അടിച്ചു തൂക്കുക എന്നത് ബാറ്റർമാർക്ക് അല്പം ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ സഞ്ജുവിന്റെ ഭാഗത്തുനിന്ന് വന്ന വലിയൊരു പിഴവ് തന്നെയാണ് മക്കോയ്ക്ക് അവസാന ഓവറുകൾ നൽകാതിരുന്നത്. അതൊരു ചെറിയ പിഴവായി കാണാനും സാധിക്കില്ല. അത് വലിയൊരു തെറ്റ് തന്നെയാണ്.”- സൈമൺ ഡൂൾ കൂട്ടിച്ചേർത്തു.
മത്സരത്തിൽ മക്കോയ്ക്ക് പകരം കുൽദീവ് യാദവിനെയായിരുന്നു സഞ്ജു സാംസൺ 19 ആം ഓവർ ഏൽപ്പിച്ചത്. ഈ ഓവറിൽ ഗ്ലെൻ ഫിലിപ്സ് അഴിഞ്ഞാടുകയുണ്ടായി. ഓവറിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറികളും ഗ്ലെൻ ഫിലിപ്സ് നേടി. ഇത് മത്സരത്തിൽ നിർണായക വഴിത്തിരിവായി മാറി. ഒപ്പം അവസാന ഓവറിൽ സന്ദീപ് ശർമയും റൺസ് വിട്ടുകൊടുത്തതോടെ അവിശ്വസനീയമായ പരാജയം രാജസ്ഥാൻ ഏറ്റുവാങ്ങുകയായിരുന്നു. ഈ പരാജയം രാജസ്ഥാന്റെ പ്ലേയോഫ് പ്രതീക്ഷകളെ പോലും ബാധിച്ചിട്ടുണ്ട്.
Leave a Reply