വാംങ്കെഡയില്‍ സൂര്യ ഷോ. ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മൂന്നാമത് എത്തി മുംബൈ ഇന്ത്യന്‍സ്

ബാംഗ്ലൂർ ബോളിംഗ് നിരയെ തല്ലിച്ചതച്ച് മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ അനായാസം മറികടന്നാണ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ വിജയം നേടിയത്. 200 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു മുംബൈയുടെ മുൻപിലേക്ക് ബാംഗ്ലൂർ വച്ച് നീട്ടിയത്. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ മുംബൈ ഇത് അനായാസം മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ മുംബൈ തങ്ങളുടെ പ്ലേയോഫ് സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന് വളരെ വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണിത്. മത്സരത്തിനു മുന്‍പ് എട്ടാമതായിരുന്ന മുംബൈ ഇന്ത്യന്‍സ് വിജയത്തോടെ 12 പോയിന്‍റുമായി മൂന്നാമത് എത്തി.

പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമായ വാങ്കഡേ പിച്ചിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് മുംബൈയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ബാംഗ്ലൂരിന്റെ ഓപ്പണർ വിരാട് കോഹ്ലിയെയും അനുജ് റാവത്തിനെയും പുറത്താക്കാൻ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ നായകൻ ഡുപ്ലെസിസും മാക്സ്വെല്ലും ചേർന്ന് മുംബൈ ബോളർമാരെ അടിച്ചു തൂക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഡുപ്ലെസി 41 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 65 റൺസ് നേടി. മാക്സ്വെൽ 33 പന്തുകളിൽ 8 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടെ 68 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 18 പന്തുകളിൽ 30 റൺസ് നേടിയ കാർത്തിക്ക് കൂടെ അടിച്ചു തകർത്തതോടെ ബാംഗ്ലൂർ 199 എന്ന സ്കോറിൽ എത്തുകയായിരുന്നു.

d3366bea e2bc 4249 982d 3bcbed733cf1

വമ്പൻ വിജയലക്ഷ്യം മുൻപിൽ കണ്ടുകൊണ്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈക്കായി ഇഷാൻ കിഷാൻ തകർത്തടിച്ചു. പവർപ്ലേ ഓവറുകളിൽ ബാംഗ്ലൂർ ബോളർമാർക്ക് മേൽ ഇഷാൻ കിഷൻ താണ്ഡവമാടുന്നതാണ് കണ്ടത്. മത്സരത്തിൽ 21 പന്തുകളിൽ 42 റൺസ് ആണ് ഈ പോക്കറ്റ് ഡൈനാമിറ്റ് നേടിയത്. എന്നാൽ നായകൻ രോഹിത് ശർമ(7) വീണ്ടും മത്സരത്തിൽ നിരാശപ്പെടുത്തുകയുണ്ടായി. ഒരേ ഓവറിൽ തന്നെ ഇഷാൻ കിഷനെയും രോഹിത് ശർമയേയും ഹസരംഗ വീഴ്ത്തി. ഇതോടെ മുംബൈ തകരുമേന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷേ മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും വധീരയും മുംബൈയെ വീണ്ടും കൈപിടിച്ചു കയറ്റി.

e68e6533 fd5a 41d8 8d5b 9d82850914d6

മൂന്നാം വിക്കറ്റിൽ മുംബൈക്കായി ഒരു തകർപ്പൻ കൂട്ടുകെട്ട് തന്നെ സൂര്യയും വധീരയും കെട്ടിപ്പടുത്തു. 140 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. ഇതോടെ മത്സരം പൂർണമായും മുംബൈയുടെ കയ്യിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിൽ സൂര്യകുമാർ യാദവ് 35 പന്തുകളിൽ 83 റൺസ് നേടി. ഇന്നിംഗ്സിൽ 7 ബൗണ്ടറുകളും 6 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം വധിര 34 പന്തുകളിൽ 52 റൺസും നേടുകയുണ്ടായി. ഈ ഇന്നിംഗ്സുകളുടെ ബലത്തിൽ മത്സരത്തിൽ 6 വിക്കറ്റുകൾക്ക് മുംബൈ വിജയം നേടുകയായിരുന്നു.