ദക്ഷിണാഫ്രിക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് തന്നെയാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 50 പന്തുകളിൽ 107 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 10 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സഞ്ജുവിന്റെ ട്വന്റി20 ക്രിക്കറ്റിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മുൻപ് ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ ഇന്നിങ്സിനെ പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
വളരെ വൈകാരിക പരമായാണ് സഞ്ജു തന്റെ ഇന്നിംഗ്സിനെ പറ്റി സംസാരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണോ ഇപ്പോൾ കളിക്കുന്നത് എന്ന ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. “അങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കുമ്പോൾ ഞാൻ കൂടുതൽ വൈകാരികപരമായി പെരുമാറും. ഇത്തരം കാര്യങ്ങൾ എനിക്ക് എത്ര അനായാസമല്ല. കാരണം കഴിഞ്ഞ 10 വർഷമായി ഞാൻ ഇത്തരം നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇപ്പോൾ എനിക്ക് വലിയ സന്തോഷവും അനുഗ്രഹവും തോന്നുന്നു. ഇതേ രീതിയിൽ മുന്നോട്ടു പോകാനാണ് ഞാൻ ശ്രമിക്കുന്നത്. കൃത്യമായി നിമിഷങ്ങൾ ആസ്വദിച്ചു തന്നെ ഞാൻ മുന്നോട്ടു പോകും. വലിയ സന്തോഷവാനാണ് ഞാൻ.”- സഞ്ജു പറഞ്ഞു.
മത്സരത്തിലുടനീളം തനിക്ക് തന്നെ ഫ്ലോ കണ്ടെത്താൻ സാധിച്ചു എന്നും സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. “ഇന്ന് ഞാൻ എന്റെ ഫോമിലേക്ക് ഉയർന്നു. സത്യസന്ധമായി പറഞ്ഞാൽ ഇതൊക്കെ യാദൃശ്ചികമായി സംഭവിക്കുകയാണ്. ഇത്തരമൊരു ഫോമിലെത്തിയാൽ ആ ഫ്ലോയിൽ തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവിടുത്തെ പിച്ച് ഒരു വലിയ റോൾ തന്നെ നിർവഹിച്ചു. ഇവിടെ ബോളർമാർക്ക് അധികമായ ബൗൺസ് ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന ഞങ്ങൾക്ക് ഇത്തരം പിച്ചുകളെ മനസ്സിലാക്കാൻ അല്പം സമയം ആവശ്യമാണ്. മാത്രമല്ല ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് കൃത്യമായ കാറ്റും ഉണ്ടായിരുന്നു.”- സഞ്ജു കൂട്ടിച്ചേർത്തു.
തന്റെ മനോഭാവത്തെപ്പറ്റി ചോദിച്ചപ്പോൾ സഞ്ജുവിനെ മറുപടി ഇങ്ങനെയായിരുന്നു. “സത്യത്തിൽ ഇതൊരു നല്ല ചോദ്യമാണ്. പോസിറ്റീവായ മാനസികാവസ്ഥയോടെ മൈതാനത്ത് തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അടിച്ചകറ്റാൻ പറ്റുന്ന പന്തുകളാണെങ്കിൽ അതിൽ റൺസ് കണ്ടെത്താൻ തന്നെ ശ്രമിക്കുക. ഞാൻ എല്ലായിപ്പോഴും ഒരു സമയത്ത് ഒരു ബോളിൽ മാത്രമാണ് ശ്രദ്ധ ചെലുത്താറുള്ളത്. അതാണ് എന്നെ ഇവിടെയും സഹായിച്ചത്.”- സഞ്ജു സാംസൺ പറഞ്ഞു വയ്ക്കുന്നു.
Summary : Sanju Samson fights emotions in interview right after century vs South Africa