വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. രണ്ടാം ഏകദിനത്തിൽ പൂർണമായും ബാറ്റിംഗിൽ പരാജയപ്പെട്ട സഞ്ജു സാംസന്റെ മറ്റൊരു മുഖമാണ് മൂന്നാം മത്സരത്തിൽ കാണാൻ സാധിച്ചത്. തന്നെ രണ്ടാം മത്സരത്തിൽ പുറത്താക്കിയ സ്പിന്നർ കരിയയെ അടിച്ചു തൂക്കി സഞ്ജു സാംസൺ താണ്ഡവം ആടുകയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ഈ കിടിലൻ ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ മെച്ചപ്പെട്ട നിലയിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഈ മികച്ച പ്രകടനം ലോകകപ്പ് സാധ്യതകൾ വർദ്ധിപ്പിക്കുന്നതാണ്.
നിർണായകമായ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ നൽകിയത്. ഇഷാൻ കിഷനും ശുഭമാൻ ഗില്ലും ആദ്യ ഓവറുകളിൽ തന്നെ വിൻഡീസിന്റെ വിധി എഴുതുകയുണ്ടായി. പല സമയത്തും ഒരു ട്വന്റി20 മോഡലിലാണ് ഇരുവരും കളിച്ചത്. ഇഷാൻ കിഷൻ 64 പന്തുകളിൽ 77 റൺസ് നേടി ഇന്ത്യൻ സ്കോറിംഗിന്റെ ആക്കംകൂട്ടി. എന്നാൽ പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ ഋതുരാജിന്(8) ഇത് തുടർന്നു പോകാൻ സാധിച്ചില്ല. ഋതുരാജ് പുറത്തായതിനുശേഷം ആയിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്.
രണ്ടാം ഏകദിനത്തിൽ നിന്ന് വളരെ വ്യത്യസ്തമായാണ് സഞ്ജു സാംസൺ ആരംഭിച്ചത്. നേരിട്ട ആദ്യ ബോൾ മുതൽ അടിച്ചു തകർക്കാൻ ആയിരുന്നു സഞ്ജുവിന്റെ ശ്രമം. നേരിട്ട ആദ്യ ബോളിൽ സഞ്ജു നേടിയത് 2 റൺസാണ്. പിന്നാലെ ലോങ് ഓണിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടി സഞ്ജു തന്റെ വരവറിയിച്ചു. ആ ഓവറിൽ തന്നെ മറ്റൊരു സിക്സർ കൂടി ലോങ് ഓഫിന് മുകളിലൂടെ നേടി സഞ്ജു തന്റെ ലക്ഷ്യം വ്യക്തമാക്കുകയായിരുന്നു. ഇതോടെ വിൻഡിസ് ബോളർമാൻ ഒന്ന് വിറച്ചു എന്നത് വസ്തുതയാണ്.പിന്നീട് മൈതാനത്ത് കണ്ടത് സഞ്ജുവിന്റെ ഒരു അത്ഭുത വെടിക്കെട്ട് തന്നെയായിരുന്നു. മത്സരത്തിൽ 39 പന്തുകളിൽ നിന്നായിരുന്നു സഞ്ജു സാംസൺ തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്.
എന്നാൽ അർത്ഥസെഞ്ച്വറി നേടിയ ഉടൻതന്നെ സഞ്ജുവിന് മടങ്ങേണ്ടി വരികയായിരുന്നു. റൊമാരിയോ ഷേപ്പർഡ് എറിഞ്ഞ പന്ത് മിഡ്‌ഓഫിന് മുകളിലൂടെ അടിച്ചു തകർക്കാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ ഹെറ്റ്മയർക്ക് ക്യാച്ച് നൽകി സഞ്ജു കൂടാരം കയറി. മത്സരത്തിൽ 41 പന്തുകളിൽ 51 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഇന്നിംഗ്സിൽ രണ്ട് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും സഞ്ജു ആരാധികർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് മത്സരത്തിൽ താരം കാഴ്ചവെച്ചത്..