ഒളിക്യാമറ അന്വേഷണത്തിൽ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ക്രിക്കറ്റിനെ പൂർണമായും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ഫിറ്റ്നസ് കണ്ടെത്തുന്നതിനായി കൃത്രിമ ഇഞ്ചക്ഷനുകൾ കൈക്കൊള്ളുന്നതിനെപ്പറ്റിയും, ടീമിലെ ചില സെലക്ഷനുകളെ പറ്റിയും ചേതൻ ശർമ്മ പറയുകയുണ്ടായി. ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയത് മൂലമാണ് സഞ്ജു അടക്കമുള്ളവർക്ക് ടീമിലെ സ്ഥാനം നഷ്ടമായതെന്നും ചേതൻ ശർമ്മ പറയുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സഞ്ജു സാംസന്റെ ആരാധകർ ഇപ്പോൾ.
ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായ ഹർദിക് പാണ്ഡ്യ ഇടയ്ക്ക് തന്റെ ഭവനത്തിൽ സന്ദർശനം നടത്താൻ ഉണ്ടെന്നും അവിടെ സമയം ചിലവഴിക്കാറുണ്ടെന്നും ശർമ്മ പറഞ്ഞിരുന്നു. ഒപ്പം ഹർദിക്കിനെ ഉടൻതന്നെ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ നായകനായി തിരഞ്ഞെടുക്കുമെന്നും ശർമ്മ പറയുകയുണ്ടായി. ഹർദിക്കിനെ കൂടാതെ ദീപക് ഹൂഡ, ഉമേഷ് യാദവ് തുടങ്ങിയവരും തന്റെ വീട്ടിൽ വന്ന് കണ്ടു സംസാരിക്കുമെന്നും ശർമ പറയുന്നു.
ഈ സാഹചര്യത്തിൽ സഞ്ജു വീട്ടിൽ വന്ന് കാണാത്തതിനാലാണോ ടീമിൽ നിന്ന് തഴയപ്പെടുന്നത് എന്നാണ് ഒരു ആരാധകൻ ട്വിറ്ററിലൂടെ ചോദിക്കുന്നത്. “സഞ്ജു ചേതൻ ശർമയുടെ വീട്ടിൽ പോകണം. ശേഷം അദ്ദേഹത്തിന് ഒപ്പം ഡിന്നർ കഴിക്കണം. 30 മിനിറ്റെങ്കിലും ഒരു ദിവസം ഫോൺ വിളിക്കാൻ തയ്യാറാവണം. അല്ലാത്തപക്ഷം അയാൾക്ക് ടീമിൽ ഇടം ലഭിക്കില്ല.”-ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.
ചേതൻ ശർമയുടെ പക്ഷപാതപരമായ ഈ നിലപാടുകൾ മൂലം ഒരുപാട് യുവതാരങ്ങൾക്ക് തങ്ങളുടെ കരിയർ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്നും ട്വറ്റുകൾ പറയുന്നു. സഞ്ജു സാംസൺ, പൃഥ്വി ഷാ, സർഫറാസ് ഖാൻ തുടങ്ങിയവർ ഇതിന് ഇരകളാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഇതൊക്കെയും വാസ്തവമാണെങ്കിൽ ഇന്ത്യൻ ടീം മാനേജ്മെന്റിൽ വലിയ അഴിച്ചു പണി തന്നെ ആവശ്യമാണ്.