സിംബാബ്‌വെക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്‍റെ വിജയം. ആതിഥേയര്‍ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 43 റൺസെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സഞ്ജുവാണ് മത്സരത്തിലെ താരം.
വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ പത്തു വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിലും വിജയം കൈവരിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
സിക്സടിച്ചുകൊണ്ടാണ് സഞ്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 39 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റൺസെടുത്ത് പുറത്താവാതെ നിന്നു. വിക്കറ്റിനു പുറകിലും മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിലെ സിക്സ് നേട്ടത്തോടെ ധോണിക്കൊപ്പമെത്തി. സിംബാബ് വെക്കെതിരേ ഒരു ഏകദിന ഇന്നിങ്‌സില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡിനൊപ്പമെത്താന്‍ സഞ്ചുവിനായി. നാല് സിക്‌സാണ് സഞ്ജു നേടിയത്. 2005ല്‍ രണ്ട് തവണ സിംബാബ്‌വെക്കിരേ നാല് സിക്‌സുകള്‍ വീതം നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു.
ഇതാദ്യമായാണ് ഏകദിനത്തിൽ സിംബാബ്‌വെയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്. 1992 മുതൽ 33 ഏകദിന മത്സരങ്ങൾ സിംബാബ്‌വെയിൽ കളിച്ചിട്ടുണ്ടെങ്കിലും മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്കും സിംബാബ്‌വെയിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുവാൻ സാധിച്ചിരുന്നില്ല.