സെഞ്ചുറി റെക്കോർഡിന് ശേഷം സഞ്ജുവിന് “ഡക്ക് റെക്കോർഡ്”, കോഹ്ലിയേയും രോഹിതിനെയും മറികടന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ, ഇന്ത്യക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമായി മലയാളി താരം സഞ്ജു സാംസൺ മാറിയിരുന്നു. ശേഷം രണ്ടാം മത്സരത്തിൽ പൂജ്യനായാണ് സഞ്ജു പുറത്തായത്.

ഇതോടെ ഒരു മോശം റെക്കോർഡാണ് സഞ്ജു പേരിൽ ചേർത്തിരിക്കുന്നത്. മത്സരത്തിൽ മാർക്കോ യാൻസന്റെ പന്തിൽ, 3 പന്തുകളിൽ പൂജ്യനായാണ് സഞ്ജു മടങ്ങിയത്. ഇതിന് പിന്നാലെ ഒരു കലണ്ടർ വർഷത്തിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവുമധികം തവണ പുറത്താവുന്ന താരം എന്ന നാണക്കേടിന്റെ റെക്കോർഡ് സഞ്ജു പേരിൽ ചേർത്തിട്ടുണ്ട്. ഈ കലണ്ടർ വർഷം 4 തവണയാണ് സഞ്ജു പൂജ്യനായി മടങ്ങിയത്.

ഇതുവരെ 2024ൽ 11 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാനെതിരെ ജനുവരിയിൽ നടന്ന ട്വന്റി20 പരമ്പരയിലെ മത്സരത്തിലാണ് സഞ്ജു ഈ വർഷം ആദ്യമായി പൂജ്യനായി പുറത്തായത്. ശേഷം ശ്രീലങ്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും സഞ്ജു പൂജ്യനായി മടങ്ങിയിരുന്നു. ശേഷമാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും സഞ്ജു പൂജ്യനായി മടങ്ങിയിരിക്കുന്നത്. ഇതോടെയാണ് കോഹ്ലിയെയും രോഹിതിനെയും മറികടന്ന് സഞ്ജു ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം തവണ ട്വന്റി20 മത്സരങ്ങളിൽ പൂജ്യനാകുന്ന താരമായി മാറിയത്.

2024ൽ ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ, ഇന്ത്യയ്ക്കായി 3 തവണ പൂജ്യനായി പുറത്തായ വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ ട്വന്റി20 നായകനായ രോഹിത് ശർമ 2018ൽ 3 തവണ പൂജ്യനായി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഇപ്പോൾ സഞ്ജു ഇവരെ മറികടന്നിരിക്കുന്നത്. ഇതുവരെ തന്റെ ട്വന്റി20 കരിയറിൽ 5 തവണയാണ് സഞ്ജു സാംസൺ പൂജ്യനായി മടങ്ങിയിട്ടുള്ളത്. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനം തന്നെയായിരുന്നു സഞ്ജു കാഴ്ചവച്ചത്. അതിനാൽ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്നത് ഉറപ്പാണ്.

അസ്ഥിരതയാർന്ന പ്രകടനങ്ങൾ മൂലം നിരന്തരം ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്ന ഒരു താരമാണ് സഞ്ജു സാംസൺ. പല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർണായ ഘട്ടങ്ങളിൽ സഞ്ജു സാംസൺ മികവ് പുലർത്താതിരുന്നത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും സൂര്യകുമാർ യാദവും ഗൗതം ഗംഭീറും ഇന്ത്യയുടെ മുൻനിരയിലേക്ക് എത്തിയതിന് പിന്നാലെ സഞ്ജുവിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പൂർണമായി പരാജയപ്പെട്ടിട്ടും ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന ഒരു താരം തന്നെയാണ് സഞ്ജു സാംസൺ എന്ന് വ്യക്തമാണ്.

Previous articleത്രില്ലറിൽ തോറ്റ് ഇന്ത്യ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റിന്റെ വിജയം.