ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 178 റണ്‍സാണ് അടിച്ചെടുത്തത്. 29 പന്തില്‍ 41 റണ്‍സ് നേടി യശ്വസി ജയ്സ്വാളാണ് ടോപ്പ് സ്കോറര്‍. പഠിക്കല്‍ (18 പന്തില്‍ 39) സഞ്ചു സാംസണ്‍ (24 പന്തില്‍ 32) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.
നേരത്തെ ഓപ്പണിംഗിനിറങ്ങിയ ജോസ് ബട്ട്ലറെ മൂന്നാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു. എന്നാല്‍ ഇത്തവണ പരീക്ഷണങ്ങള്‍ നടത്താതെ, ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ തന്നെ മൂന്നാം നമ്പറില്‍ എത്തി. ആദ്യ പന്തില്‍ തന്നെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടിയാണ് സഞ്ചു സാംസണ്‍ തുടങ്ങിയത്.
സഞ്ചുവിന്‍റെ ചെറിയ ഇന്നിംഗ്സില്‍ മനോഹരമായ കവര്‍ ഡ്രൈവ് ശേഖരമുണ്ടായിരുന്നു. കമന്‍റേറ്റര്‍മാരെല്ലാം സഞ്ചുവിന്‍റെ ഷോട്ടിനെ വളരെയധികം പ്രശംസിച്ചു. അതേ സമയം റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സഞ്ചുവിന്‍റെ വിക്കറ്റ് നഷ്ടമായി.
ഹോള്‍ഡറുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച മലയാളി താരം, ഹൂഡയുടെ കയ്യില്‍ ഒതുങ്ങി. 24 പന്തില്‍ 6 ബൗണ്ടറികളുമായി 32 റണ്‍സാണ് നേടിയത്. യശ്വസി ജയ്സ്വാളിനൊപ്പം 64 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് ഓഡര്‍ മാറ്റിയതിനെ ഗവാസ്കര്‍ ചോദ്യം ചെയ്തിരുന്നു. ” സഞ്ജുവാണ് നാലാമത് എത്തേണ്ട ബാറ്റ്‌സ്മാൻ എങ്കിൽ അദ്ദേഹം ആ സ്ഥാനത്ത് ഇറങ്ങി തന്റെ ജോലി ഭംഗിയായി നിർവഹിക്കണം. അതിനുള്ള ധൈര്യവും ആത്മവിശ്വാസവും സഞ്ജു കാണിക്കണം. പിന്നെ എന്തിനാണ് ഈ ബാറ്റിങ് ഓർഡറിലെ മാറ്റങ്ങൾ.” ഗവാസ്ക്കർ ചോദ്യം ഉന്നിയിച്ചു.