ബാറ്റിംഗോ ബൗളിംഗോ ? ഏതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശക്തി ? റേറ്റിങ്ങുമായി സഞ്ചു സാംസണ്‍.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ കോഹ്ലിയുടെ സെഞ്ചുറിയുടെ മികവിലാണ് 183 എന്ന ശക്തമായ സ്കോർ കെട്ടിപ്പടുത്തത്. ഈ സ്കോർ രാജസ്ഥാന് മറികടക്കാൻ സാധിക്കില്ല എന്നത് ബാംഗ്ലൂർ ആരാധകർ ഉറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് കാണാൻ സാധിച്ചത് ജോസ് ബട്ലറുടെയും സഞ്ജു സാംസന്റെയും വെടിക്കെട്ട് ആയിരുന്നു. ഇരുവരും ബാംഗ്ലൂർ ബോളിംഗ് നിരയ്ക്ക് മുൻപിൽ വിലങ്ങു തടിയായി നിന്നപ്പോൾ മത്സരത്തിൽ രാജസ്ഥാൻ വിജയം നേടി. മത്സരത്തിൽ 58 പന്തുകളിൽ സെഞ്ച്വറി നേടിയാണ് ബട്ലർ മികവ് പുലർത്തിയത്. സഞ്ജു സാംസൺ 42 പന്തുകളിൽ 69 റൺസുമായി മികച്ച പിന്തുണയും നൽകി. മത്സരത്തിലെ വിജയത്തെ പറ്റി നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചാണ് സഞ്ജു സാംസൺ സംസാരിച്ചത്. ഇത്തരം പിച്ചുകളിൽ 190 റൺസിന് താഴെ എതിർ ടീമിനെ പിടിച്ചുകെട്ടാൻ സാധിച്ചാൽ അത് വലിയ ഗുണമാണ് എന്ന് സഞ്ജു പറയുകയുണ്ടായി. മാത്രമല്ല തങ്ങളുടെ ബാറ്റിംഗ് നിര അതിശക്തമാണെന്ന് സഞ്ജു വീണ്ടും സൂചിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ ഇടവേള ടീമിലെ ഓരോ താരത്തിന്റെയും സ്വാധീനിച്ചിട്ടുണ്ട് എന്നും സഞ്ജു കൂട്ടിചേർത്തു. ബട്ലറുടെ പ്രകടനത്തിൽ താൻ അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് സഞ്ജു അവസാനിപ്പിച്ചത്.

“ഇവിടെ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതിനാൽ തന്നെ 190ന് താഴെ ഒരു സ്കോർ ഞങ്ങൾക്ക് മറികടക്കാൻ സാധിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം അത്ര മികച്ച ബാറ്റിംഗ് നിരയാണ് ഞങ്ങൾക്കുള്ളത്. ഈ സ്കോർ ചെയ്സ് ചെയ്യാൻ സാധിക്കും എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അടുത്ത മത്സരത്തിന് മുൻപ് ഞങ്ങൾക്ക് കുറച്ചു ദിവസത്തെ ഇടവേള ലഭിക്കുന്നുണ്ട്.

അത് ഞങ്ങളെ സംബന്ധിച്ച് വലിയ ഗുണം ചെയ്യും. ടീമിലെ താരങ്ങൾക്ക് വിശ്രമവും പരിശീലനവുമൊക്കെ നടത്താൻ ഈ ഇടവേള സഹായകരമാവും. ബട്ലറെ പറ്റി പറയുകയാണെങ്കിൽ വലിയ സന്തോഷമുണ്ട്. പവർപ്ലേ ഓവറുകളിൽ നന്നായി കളിക്കാൻ സാധിച്ചാൽ പിന്നീട് ബട്ലർ വിജയിപ്പിക്കും എന്ന് ഉറപ്പായിരുന്നു. ടീമിന്റെ കാര്യത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്.”- സഞ്ജു പറയുകയുണ്ടായി.

മത്സരത്തിനു ശേഷം വളരെ കഠിനമായ ചോദ്യം അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ സഞ്ചുവിനോട് ചോദിക്കുകയുണ്ടായി. നിങ്ങളുടെ ടീമിന്‍റെ ശക്തി എന്താണ്. ബാറ്റിംഗോ ? ബൗളിംഗോ ?

റേറ്റിങ്ങ് ഉപയോഗിച്ചാണ് സഞ്ചു ഇതിനു മറുപടി പറഞ്ഞത്. ” ഇത് ഭയങ്കര ബുദ്ധിമുട്ടുള്ള ചോദ്യമാണ്. ബൗളിംഗിന് 9 ഉം ബാറ്റിംഗിനു 8.7 റേറ്റിങ്ങുമാണ് നല്‍കുന്നത് ” സഞ്ചു മത്സര ശേഷം പറഞ്ഞു.

മത്സരത്തിൽ ബട്ലർക്കൊപ്പം പക്വതയാർന്ന ബാറ്റിംഗ് തന്നെയായിരുന്നു സഞ്ജു സാംസനും കാഴ്ചവച്ചത്. ജയസ്വാളിന്റെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായ ശേഷം വളരെ പക്വതയോടെ സഞ്ജു കളിക്കുകയുണ്ടായി. മത്സരത്തിൽ രാജസ്ഥാൻ വിജയത്തിൽ എത്തുമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സഞ്ജു സാംസൺ കൂടാരം കയറിയത്. 42 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളും അടങ്ങിയ ഇന്നിങ്സാണ് സഞ്ജു കാഴ്ചവച്ചത്. എന്തായാലും രാജസ്ഥാൻ ആരാധകരെ സംബന്ധിച്ച് വളരെ ആവേശം നിറഞ്ഞ മത്സരമാണ് അവസാനിച്ചിരിക്കുന്നത്.

Previous articleജോസേട്ടൻ ബാക്ക് 🔥🔥 നൂറാം മൽസരത്തിൽ സെഞ്ച്വറി നേടി ബട്ലർ. ഒറ്റ പന്തില്‍ സെഞ്ചുറിയും വിജയവും.
Next articleറിഷഭ് പന്തിനെ മറികടന്നു, ജിതേഷിനെ ഇല്ലാതാക്കി. സഞ്ജു ലോകകപ്പ് പ്രയാണത്തിൽ. അവിസ്മരണീയ പ്രകടനങ്ങൾ.