നായകനായി സഞ്ജു ? വിൻഡിസ് പര്യടനത്തിൽ തകർപ്പൻ മാറ്റങ്ങൾ. യുവതാരങ്ങളുമായി ഇന്ത്യ.

വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടായേക്കുമേന്ന് സൂചനകൾ. വിൻഡിസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മലയാളി താരം സഞ്ജു സാംസൺ നയിച്ചേക്കും എന്നാണ് റിപ്പോർട്ട്. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. പര്യടനത്തിലെ ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിക്കാനാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. വിൻഡീസിൽ അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്. ഈ മത്സരങ്ങളിൽ നിന്ന് സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ഹർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. ഈ സ്ഥാനത്താണ് സഞ്ജു സാംസൺ നായകനായി എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഈ റിപ്പോർട്ട് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിന്റെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെയും നായകനാണ് സഞ്ജു സാംസൺ. ഇരു ടീമുകൾക്ക് വേണ്ടിയും മികവാർന്ന പ്രകടനങ്ങളാണ് സഞ്ജു നായകനെന്ന നിലയിൽ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. 2021 സീസണിലായിരുന്നു രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ തങ്ങളുടെ ക്യാപ്റ്റനായി നിയോഗിച്ചത്. ശേഷം 2022 സീസണിൽ രാജസ്ഥാനെ ടൂർണമെന്റിന്റെ ഫൈനലിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആയിരുന്നു അന്ന് രാജസ്ഥാൻ പരാജയപ്പെട്ടത്. പിന്നീട് 2023ലും പ്ലേയോഫിലെത്തിയിലെങ്കിലും മികച്ച രീതിയിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

ഇതുവരെ ഐപിഎല്ലിൽ 45 മത്സരങ്ങളാണ് സഞ്ജു രാജസ്ഥാൻ ടീമിനെ നയിച്ചിട്ടുള്ളത്. ഇതിൽ 22 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചു. ഇതിനൊപ്പം സഞ്ജുവിന്റെ നായകത്വ രീതിയും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. മൈതാനത്ത് നായകൻ എന്ന നിലയിൽ യാതൊരു തരത്തിലും ദേഷ്യമോ ശൗര്യമോ ഇല്ലാതെയാണ് സഞ്ജു കാണപ്പെടുന്നത്. മഹേന്ദ്ര സിംഗ് ധോണിയുമായാണ് പലപ്പോഴും സഞ്ജുവിനെ മുൻ താരങ്ങൾ ഉപമിക്കാറുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജു 17 ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്നും 301 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്.

ജൂലൈ 12നാണ് ഇന്ത്യയുടെ വിൻഡീസിനെതിരായ പര്യടനം ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിൽ ആദ്യം നടക്കുന്നത്. ശേഷമാണ് ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 3, 6, 8, 12, 13 ദിവസങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ നടക്കുക. എന്തായാലും യുവതാരങ്ങളെ അണിനിരത്തി ഇന്ത്യൻ ടീം പുറപ്പെടുമ്പോൾ അങ്ങേയറ്റം ആവേശത്തിലാണ് ആരാധകർ.

Previous articleഇതുവരെ ധോണി ഇത്ര വൈകാരികമായി പെരുമാറിയിട്ടില്ല, അത് ഞങ്ങളുടെ സ്വപ്നമായിരുന്നു. ഐപിൽ ഫൈനലിനെപറ്റി ചെന്നൈ സിഇഓ.
Next article“എനിക്ക് ധോണിയുടെ കരണത്ത് രണ്ടെണ്ണം പൊട്ടിക്കണം, ഇത്ര മോശം ക്രിക്കറ്ററെ കണ്ടിട്ടില്ല” യുവരാജിന്റെ പിതാവ് പറഞ്ഞത്.