ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്ന് സൂചനകൾ. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 6നാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം ഗ്വാളിയോറിൽ നടക്കും.
രണ്ടാം മത്സരം ദില്ലിയിലും മൂന്നാം മത്സരം ഹൈദരാബാദിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരമ്പരയിൽ നിന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ പന്തിന് വിശ്രമം നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ പന്ത് കളിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിലും പന്ത് കളിക്കും എന്നത് ഉറപ്പാണ്. അതിന് ശേഷം പന്തിന് വിശ്രമം നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലാൻഡിനും ഓസ്ട്രേലിയയ്ക്കുമേതിരെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ പന്തിനെ ഫിറ്റായി ടീമിൽ നിർത്തുന്നതിന്റെ ഭാഗമായാണ് വിശ്രമം നൽകുന്നത്. അങ്ങനെ വരുമ്പോൾ സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്റി20 ടീമിലെ വിക്കറ്റ് കീപ്പറാവും എന്നത് ഉറപ്പാണ്. ദുലീപ് ട്രോഫി ടൂർണമെന്റിലെ മികച്ച ഫോമാണ് സഞ്ജു സാംസണെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാക്കി മാറ്റിയത്. ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്കുവേണ്ടി നല്ല ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. 2 മത്സരങ്ങളിൽ നിന്ന് 196 റൺസാണ് ടൂർണമെന്റിൽ സഞ്ജു നേടിയത്. ഇന്ത്യ ബി ടീമിനെതിരെ ഒരു തകർപ്പൻ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിരുന്നു.
ആ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 45 റൺസും സഞ്ജുവിന് നേടാൻ സാധിച്ചു. ഇഷാൻ കിഷന് പരിക്ക് പറ്റിയ സമയത്തായിരുന്നു സഞ്ജു സാംസണ് ദുലീപ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചത്. പിന്നീട് കിഷൻ പരിക്ക് മാറി തിരിച്ചുവന്നെങ്കിലും 2 മത്സരങ്ങളിൽ നിന്ന് 134 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
ഇത്തവണത്തെ ദുലീപ് ട്രോഫിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ സഞ്ജു സാംസനാണ്. അതിനാൽ സെലക്ടർമാർക്ക് ഇനിയും സഞ്ജുവിനെ തടയാൻ സാധിക്കില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന ഇറാനി ട്രോഫിയിലും സഞ്ജു സാംസൺ കളിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയാണ് ഇറാനി ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈ ടീമും റസ്റ്റ് ഓഫ് ഇന്ത്യയുമാണ് ഇറാനി ട്രോഫിയിൽ ഇത്തവണ ഏറ്റുമുട്ടുന്നത്. ഇതിൽ റസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാൻ സാധ്യതകൾ ഏറെയാണ്. പക്ഷേ അങ്ങനെ വരുന്ന സാഹചര്യത്തിൽ ചിലപ്പോൾ സഞ്ജുവിനെ ആദ്യ ട്വന്റി20 മത്സരത്തിൽ നിന്ന് മാറ്റി നിർത്തിയെക്കും. എന്നാൽ ഇതേ സംബന്ധിച്ച് യാതൊരു വ്യക്തതയും പുറത്തുവന്നിട്ടില്ല. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വരും ദിവസങ്ങൾ വളരെ നിർണായകമാണ്.