ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാതെ മടങ്ങി സഞ്ജു സാംസൺ. സവായി മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ ഇന്നിങ്സിനുള്ള എല്ലാ സാഹചര്യങ്ങളും മുൻപിൽ ഉണ്ടായിട്ടും സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ മടങ്ങുകയായിരുന്നു. മത്സരത്തിൽ 17 പന്തുകളിൽ കേവലം 17 റൺസ് മാത്രമാണ് സഞ്ജു സാംസൺ നേടിയത്. ഇന്നിംഗ്സിൽ ആകെ ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത് 2023ലെ ഐപിഎല്ലിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും പതിയെ സഞ്ജു അവസരങ്ങൾ വലിച്ചെറിയുന്ന കാഴ്ച തന്നെയാണ് ആവർത്തിച്ചു കാണുന്നത്.
മത്സരത്തിൽ ജോസ് ബട്ലറുടെ വിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു സഞ്ജു ഒമ്പതാം ഓവറിൽ ക്രീസിലെത്തിയത്. ആദ്യ ബോളുകളിൽ അതി സൂക്ഷ്മമായി തന്നെയാണ് സഞ്ജു സാംസൺ കളിച്ചത്. ജഡേജയുടെയും പതിരാനയുടെയും പന്തുകളിൽ സഞ്ജു ആക്രമിക്കാൻ ശ്രമിച്ചില്ല. എന്നാൽ പതിനാലാം ഓവറിൽ ദേശ്പാണ്ടയ്ക്ക് മുമ്പിൽ സഞ്ജു സാംസൺ വീഴുന്നതാണ് കണ്ടത്. പതിനാലാം ഓവറിലെ ആദ്യ പന്ത് ഗുഡ് ലെങ്ത്തിൽ ഒരു സ്ലോ ബോളായി ആണ് ദേശ്പാണ്ടെ എറിഞ്ഞത്. സഞ്ജു സാംസൺ അത് ലോങ്ങ് ഓണിന് മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ചു. എന്നാൽ കൃത്യമായ ടൈമിംഗ് ലഭിക്കാത്തതിനാൽ തന്നെ ഋതുരാജിന് ക്യാച്ച് നൽകി സഞ്ജുവിന് മടങ്ങേണ്ടി വരികയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സഭായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങിയത്. മറുവശത്ത് രാജസ്ഥാൻ സൂപ്പർതാരം ട്രെൻഡ് ബോൾട്ടിന് പരിക്കേറ്റതിനാൽ, ആദം സാമ്പയാണ് പകരക്കാരനായി കളിക്കുന്നത്.
മത്സരത്തിൽ മികച്ച തുടക്കം തന്നെയായിരുന്നു ജോസ് ബട്ലറും ജെയിസ്വാളും രാജസ്ഥാന് നൽകിയത്. ആദ്യ ബോൾ മുതൽ ജെയിസ്വാൾ അടിച്ചു തകർത്തു. ജോസ് ബട്ലർ ഒരു വശത്ത് നിലയുറപ്പിക്കുന്നതാണ് കണ്ടത്. മത്സരത്തിൽ 43 പന്തുകളിൽ 77 റൺസ് ആണ് ജെയ്സവൾ നേടിയത്. ഇന്നിങ്സിൽ 8 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പിന്നീടെത്തിയ സഞ്ജുവിന് കളം നിറയാൻ സാധിക്കാതെ വന്നത് രാജസ്ഥാനെ ബാധിക്കുകയായിരുന്നു.