സഞ്ജു സാംസന് ടീമിൽ അവസരം നിഷേധിക്കപ്പെടുന്നതിൽ കേരള ക്രിക്കറ്റ് അസോസിയേഷനിലെ ചില ഔദ്യോഗിക അംഗങ്ങൾക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു സാംസന്റെ പിതാവ് സാംസൺ വിശ്വനാഥ്. കേരള ക്രിക്കറ്റ് അസോസിയേഷനെ പൂർണമായി വിമർശിച്ചു കൊണ്ടാണ് സാംസൺ സംസാരിച്ചത്. 2025 ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇക്കാര്യം കണക്കിലെടുത്താണ് സഞ്ജുവിന്റെ പിതാവ് സംസാരിച്ചത്. കഴിഞ്ഞ സമയങ്ങളിൽ ഒക്കെയും ഇത്തരത്തിലുള്ള അവഗണനകൾ പലതരത്തിൽ സഞ്ജു നേരിട്ടിട്ടുണ്ട് എന്ന് സാംസൺ തുറന്നു പറയുകയുണ്ടായി.
2024-25 വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാലാണ് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം നഷ്ടപ്പെട്ടത് എന്ന സൂചനകളാണ് പുറത്തുവന്നത്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയ ടീമിലെ അംഗമായിരുന്നു സഞ്ജു സാംസൺ. ശേഷം കേരളത്തെ സൈദ് മുഷ്തഖ് അലി ടൂർണമെന്റിൽ നയിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ശേഷമാണ് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് കെസിഎ ഒഴിവാക്കിയത്. വയനാട്ടിൽ നടന്ന 3 ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് സഞ്ജുവിനെ ഇത്ര വലിയ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും പ്രസിഡന്റും അറിയിച്ചത്. ശേഷമാണ് ഇപ്പോൾ ഇവർക്കെതിരെ സഞ്ജുവിന്റെ പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
“എന്റെ കുട്ടിയോട് പണ്ടു മുതൽ വിരോധമുള്ള കുറച്ചധികം ആളുകൾ ഇപ്പോഴും കേരള ക്രിക്കറ്റ് അസോസിയേഷനിലുണ്ട്. ഞങ്ങൾ മുൻപ് ഒരിക്കലും അസോസിയേഷനെപ്പറ്റിയോ, അസോസിയേഷന് എതിരായോ ഒരു കാര്യങ്ങളും സംസാരിച്ചിട്ടില്ല പക്ഷേ ഈ സമയത്ത് അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവുകയാണ്. വയനാട്ടിൽ നടന്ന ക്യാമ്പിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കാതിരുന്ന ഒരേയൊരു താരം സഞ്ജു സാംസൺ മാത്രമല്ല. മറ്റു ചില താരങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ അവർക്ക് ടൂർണമെന്റിൽ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നു.”- സാംസൺ പറയുന്നു.
“ഞാനൊരിക്കലും കെസിഎ പ്രസിഡന്റായ ജയേഷ് ജോർജിനെയും സെക്രട്ടറി വിനോദിനെയും പറ്റിയല്ല സംസാരിക്കുന്നത്. ഇതിനിടയിൽ നിൽക്കുന്ന ചെറിയ ആളുകളെ പറ്റിയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളിൽ വിഷങ്ങളായി ഇവർ മാറാറുണ്ട്.”- സാംസൺ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. ജനുവരി 22നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. 5 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്.



