ഇന്ത്യയുടെ വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസന് അവസരം ലഭിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. മുൻപ് സഞ്ജുവിനെ ഇന്ത്യ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് പ്ലാനിങ്ങിൽ സഞ്ജു അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവരും കരുതി. അതിനാൽ തന്നെ വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്നാണ് എല്ലാവരും വിലയിരുത്തിയത്.
പക്ഷേ ആദ്യ ഏകദിനത്തിൽ യാതൊരു കരുണയും കൂടാതെ സഞ്ജു സാംസണെ ഒഴിവാക്കുകയാണ് ഇന്ത്യ ചെയ്തത്. പകരമായി സൂര്യകുമാർ യാദവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം ഫോം ആവർത്തിച്ച സൂര്യയ്ക്ക് വീണ്ടും അവസരങ്ങൾ നൽകിയത് ആരാധകർക്കിടയിൽ പോലും അമർഷം ഉണ്ടാക്കിയിരുന്നു.
മാത്രമല്ല ഈ മത്സരത്തിലും വളരെ മോശം പ്രകടനമാണ് സൂര്യകുമാർ കാഴ്ചവെച്ചത്. 25 പന്തുകളിൽ 19 റൺസ് മാത്രമാണ് സൂര്യകുമാർ മത്സരത്തിൽ നേടിയത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ സഞ്ജുവിനെ ഇന്ത്യ അവഗണിക്കുന്നത് എന്നത് വലിയൊരു ചോദ്യമാണ്. വരും മത്സരങ്ങളിൽ കൂടി ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ലെങ്കിൽ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾ പോലും മങ്ങലിലാവും എന്ന കാര്യത്തിൽ സംശയമില്ല. സൂര്യയ്ക്കും ഇഷാൻ കിഷനും ഇന്ത്യ വീണ്ടും വീണ്ടും അവസരം നൽകുമ്പോൾ സഞ്ജുവിനെ അത് വലിയ തരത്തിൽ ബാധിക്കുന്നുണ്ട്.
എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യ സൂര്യകുമാർ യാദവിന് വീണ്ടും അവസരങ്ങൾ കൊടുക്കുന്നത് എന്നത് വ്യക്തമല്ല. കാരണം കഴിഞ്ഞ 5 ഏകദിന മത്സരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സൂര്യകുമാർ യാദവ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
0, 0, 0, 14, 0 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന 5 ഏകദിന മത്സരങ്ങളിലെ സ്കോർ. 3 റൺസ് പോലും ശരാശരിയിലല്ല സൂര്യകുമാർ യാദവ് കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചത് എന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. മറുവശത്ത് സഞ്ജു സാംസണ് വളരെ മികച്ച റെക്കോർഡുകളാണ് ഉള്ളത്. കഴിഞ്ഞ 5 മത്സരങ്ങളിൽ 36, 2, 30, 86, 15 എന്നിങ്ങനെ സ്കോർ ചെയ്യാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.
വരുന്ന 2 മത്സരങ്ങളിലും ഇന്ത്യ ഇതേ പാറ്റേൺ ആവർത്തിക്കുകയാണെങ്കിൽ സഞ്ജുവിന് അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ കുറവാണ്. എന്നാൽ ഇപ്പോഴെങ്കിലും ഇന്ത്യ കൃത്യമായ തീരുമാനമെടുത്ത് മോശം പ്രകടനം പുറത്തെടുക്കുന്നവരെ മാറ്റിനിർത്തേണ്ടതുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഇന്ത്യയ്ക്ക് വിനയായിരിക്കും. സഞ്ജു സാംസണെ പോലെ കാലിബറുള്ള കളിക്കാരെ ടീമിൽ അണിനിരത്തി പരമാവധി പരിശീലനം നൽകുക എന്നതാണ് ഇന്ത്യക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത്.