ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ കൊൽക്കത്ത രാജസ്ഥാൻ പോരാട്ടം. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം കൊൽക്കത്തക്കുമുന്നിൽ വച്ചെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 210 റൺസെടുത്ത് അടിയറവു പറഞ്ഞു. രാജസ്ഥാനു വേണ്ടി ബറ്റ്‌ലർ സെഞ്ചുറിയും, ചഹൽ ഹാട്രിക്കും നേടി.
ഐപിഎല്ലിലെ തുടക്കത്തിൽ കൈവിട്ടുപോയ ഹാട്രിക് ചഹൽ തിരിച്ചുപിടിച്ചപ്പോൾ സീസണിലെ രണ്ടാം സെഞ്ചുറി ആയിരുന്നു ബട്ലർ നേടിയത്. ഇന്നലത്തെ വിജയത്തോടെ ആറു മത്സരങ്ങളിൽനിന്ന് നാലു വിജയവുമായി എട്ടു പോയിൻ്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് രാജസ്ഥാൻ എത്തി.
ഏഴു മത്സരങ്ങളിൽ നിന്ന് ഇന്ന് 6 പോയിൻ്റ് ഉള്ള കൊൽക്കത്ത ആറാം സ്ഥാനത്താണ്. ഇപ്പോഴിതാ മത്സരത്തിനുശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ.
“എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ കളിക്കാരുടെ നിലവാരം കളിയെ മികച്ചതാക്കി. വിജയത്തിൽ വളരെ സന്തോഷം തോന്നുന്നു. ശരിയായ സമയത്ത് ഉപയോഗിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ഉപയോഗിക്കാൻ സാധിച്ചു. നല്ല ഒഴുക്കിൽ കളി പോകുമ്പോൾ, ആ വേഗത കുറയ്ക്കാൻ കഴിയണം, അതിന് സാധിച്ചു. ഞാൻ കൊല്‍ക്കത്തയെ ഒരു ടീമായി ബഹുമാനിക്കുന്നു. അവരുടെ പക്കൽ നിന്ന് ഇങ്ങനെ ഒരു കളി വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല.
ഞങ്ങളുടെ കളിക്കാരെ കുറിച്ച് അധികം സംസാരിക്കേണ്ട കാര്യമില്ല എന്നാണ് ഞാൻ കരുതുന്നത്. മികച്ച അനേകം കളിക്കാരെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. റസ്സലിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയതിൽ അശ്വിനെ പ്രത്യേകം പരാമർശം അര്‍ഹിക്കുന്നുണ്ട്. മാകോയ് ഒരു രസകരമായ വ്യക്തിയാണ്. അവൻ അധികം സംസാരിക്കാറില്ല. പക്ഷേ തൻ്റെ ബൗളിംഗ് കഴിവുകളിൽ അവൻ ആത്മവിശ്വാസം ഉള്ളവനാണ്.”-സഞ്ജു പറഞ്ഞു.