ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കായി സഞ്ജു സാംസനും തിലക് വർമയും സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. സഞ്ജു സാംസൺ മത്സരത്തിൽ പുറത്താവാതെ 109 റൺസ് നേടിയപ്പോൾ, തിലക് വർമ 120 റൺസാണ് നേടിയത്. ഇരുവരുടെയും മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയത്.
എന്നാൽ മത്സരത്തിലെ ഈ 2 സെഞ്ച്വറികളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സഞ്ജുവിന്റെ സെഞ്ച്വറിയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ഇതിന്റെ കാരണവും വ്യക്തമാക്കിയാണ് താരം സംസാരിച്ചത്.
“ഇന്ത്യൻ ടീമിന് വേണ്ടി അവസാന മത്സരത്തിൽ തിലക് വർമയും സഞ്ജു സാംസണും സെഞ്ച്വറികൾ സ്വന്തമാക്കിയെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടത് സഞ്ജുവിന്റെ സെഞ്ച്വറിയാണ്. ജോഹന്നാസ് ബർഗിൽ തിലക് വർമ 47 പന്തുകളിൽ 120 റൺസും സഞ്ജു 56 പന്തുകളിൽ 109 റൺസുമാണ് നേടിയത്. പക്ഷേ ഇക്കാര്യം ഞാൻ പറയുമ്പോൾ നിങ്ങൾ എന്നെ ഒരിക്കലും കുഴപ്പത്തിലാക്കരുത്. തിലകിനേക്കാൾ മത്സരത്തിൽ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചത് സഞ്ജു സാംസനാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.
എന്തുകൊണ്ടാണ് റൺസ് കൂടുതൽ നേടിയിട്ടും തിലക് വർമയുടെ ഇന്നിംഗ്സിനെക്കാൾ മികച്ചത് സഞ്ജുവിന്റേതാണ് എന്ന് തിരഞ്ഞെടുത്തതെന്നും ഡിവില്ലിയേഴ്സ് പറയുകയുണ്ടായി. “ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഭാവി താരങ്ങളിൽ ഒരാളാണ് തിലക് വർമ. അടുത്ത 10 വർഷത്തിനകം ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരമായി മാറാൻ അവന് സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുംബൈ ഇന്ത്യൻസിനായി ഇന്ത്യൻ പ്രീമിയർ ലീഗീൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന തിലക് വർമയെ ഞാൻ കണ്ടിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരിനെതിരെയും അവൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് തിലക് എന്ന് നിസംശയം പറയാൻ സാധിക്കും.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.
“പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന മത്സരത്തിലെ തിലകിന്റെ ഇന്നിംഗ്സ് അത്ര മികച്ചതായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ഞാനിത് പറയുമ്പോൾ പലർക്കും തമാശയായി തോന്നാം. പക്ഷേ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ പലപ്പോഴും തിലക് വർമ തന്റെ ബാറ്റിന്റെ മധ്യഭാഗത്ത് ബോൾ കൊള്ളിക്കാൻ ബുദ്ധിമുട്ടുന്നത് കാണാൻ സാധിക്കുമായിരുന്നു. എന്നിരുന്നാലും മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. അത് ക്രിക്കറ്റിന്റെ ഒരു സൗന്ദര്യമാണ്. സ്കോർ ബോർഡിൽ കാണിക്കുന്നത് മാത്രമാണ് ക്രിക്കറ്റിൽ പ്രധാനപ്പെട്ട കാര്യം. മത്സരത്തിൽ മികച്ച ആത്മവിശ്വാസത്തിൽ തന്നെ തിലക് വർമ കളിക്കുകയുണ്ടായി. അത് ഞാൻ അംഗീകരിക്കുന്നു.”- ഡിവില്ലിയേഴ്‌സ് പറഞ്ഞുവയ്ക്കുന്നു..