ഐപിഎൽ പതിനഞ്ചാം സീസണിൽ മിന്നുന്ന പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നുവേണ്ടി ദിനേശ് കാർത്തിക് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച പ്രകടനമാണ് താരം ഇക്കൊല്ലം പുറത്തെടുത്തത്.
താരത്തിൻ്റെ പ്രകടനത്തിൽ നിന്നും താരം ലക്ഷ്യം വെക്കുന്നത് ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിലെ സ്ഥാനം തന്നെയാണെന്ന് യാതൊരു സംശയമില്ലാതെ പറയാം. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ ഋഷബ് പന്തിനെയാണോ ദിനേഷ് കാർത്തികിനെയാണോ ഉൾപ്പെടുത്തേണ്ടത് എന്ന ആരാധകരുടെ സംശയത്തിൽ തൻറെ അഭിപ്രായം മുന്നോട്ടു വെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മജ്ഞരേക്കർ.
“ഞാൻ കുറച്ചുകൂടെ പ്രായോഗികമായി കാര്യങ്ങൾ വിലയിരുത്താൻ പോകുന്നു. ഈ ഐ പി എല്ലിൻ്റെ പാതിവഴിയിലാണ് നമ്മളുള്ളത്. ഈ ലീഗ് അവസാനിക്കുന്നത് വരെ അവൻ ഈ ഫോം തുടരുമോയെന്ന് നോക്കാം. ടീമിൽ ഡി കെ വേണമെന്ന് നിങ്ങൾ പറയുമ്പോൾ ഒരാൾ പുറത്തുപോവേണ്ടതുണ്ട്.
നിലവിലെ ഇന്ത്യൻ ടീമിലെ താരങ്ങളെ വെച്ചുനോക്കിയാൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടുകയെന്നത് ദുഷ്കരമാണ്. കാരണം 5,6,7 സ്ഥാനങ്ങളിലാണ് ഡി കെ ബാറ്റ് ചെയ്യുന്നത്. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന ഒരാളല്ല അവൻ. അത് പരിഗണിക്കുന്നില്ലയെങ്കിൽ റിഷഭ് പന്തിനെ മാറ്റിനിർത്തേണ്ടിവരും, അല്ലെങ്കിൽ ഹാർദിക് പാണ്ഡ്യയെ മാറ്റിനിർത്തണം.
അതൊരിക്കലും എളുപ്പമല്ല. ഹാർദിക് പാണ്ഡ്യയെ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇന്ത്യയ്ക്ക് മൂന്ന് പേസർമാരുണ്ട്. മികച്ച ഫോമിലായതിനാൽ ചഹാലായിരിക്കും ഇന്ത്യയുടെ സ്പിന്നർ. ജഡേജയായിരിക്കും ബാക്കപ്പ് സ്പിന്നർ. അതുകൊണ്ട് തന്നെ ഒരു ബാക്കപ്പ് പേസറെ അവർക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും പാണ്ഡ്യയ്ക്ക് പകരക്കാരനാകുവാൻ കാർത്തിക്കിന് സാധിക്കില്ല. ഒരു വിക്കറ്റ് കീപ്പറെയോ ബാറ്റ്സ്മാനെയോ മാറ്റിനിർത്തിയാൽ മാത്രമെ ഡി കെ യ്ക്ക് കളിക്കുവാൻ സാധിക്കൂ.”- മജ്ഞരേക്കർ പറഞ്ഞു.