ഈ വർഷം ഒക്ടോബറിൽ ആണ് ഓസ്ട്രേലിയയിൽ വച്ച് 20- 20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞവർഷം നടന്ന ലോകകപ്പിൽ വളരെ മോശം പ്രകടനം പുറത്തെടുത്ത് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടുക തന്നെയായിരിക്കും ലക്ഷ്യം. ഇന്ത്യയുടെ സ്ഥിരനായകനായി സ്ഥാനം ലഭിച്ചശേഷം വരുന്ന ആദ്യ ലോകകപ്പ് ആയതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനും കിരീടം നേടുവാനും ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്ഷ്യം.
മികച്ച സ്ക്വാഡ് തന്നെ ലോകകപ്പിന് ഉണ്ടെങ്കിലും ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റർമാർ ആരൊക്കെയാണെന്ന് കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇപ്പോഴിതാ ഇന്ത്യക്ക് നിർദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. നായകനായ രോഹിത് ശർമക്കൊപ്പം പന്ത് ഓപ്പൺ ചെയ്യുകയെന്ന ആശയത്തോട് തനിക്ക് താല്പര്യം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു സ്പോർട്സ് മാധ്യമത്തോടാണ് ഇന്ത്യൻ മുൻ താരം ഇക്കാര്യം തുറന്നുപറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..”ഇക്കാര്യത്തിൽ ഞാൻ മറുപടി പറയുന്നില്ല. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ആ സ്ഥാനങ്ങൾക്കു വേണ്ടി വേറെയും താരങ്ങൾ മത്സരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പിനു മുൻപുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.
കെ.എൽ. രാഹുൽ ട്വന്റി20 ടീമിൽ
ഉണ്ടായിരിക്കണം. ലോകകപ്പ് ആയതുകൊണ്ടു തന്നെ വിരാട് കോലിയും കളിക്കണം. അതു വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്.
ആദ്യ മൂന്നു സ്ഥാനങ്ങളിൽ സൂര്യകുമാർ യാദവ് ബാറ്റു ചെയ്യുന്നതു നമ്മൾ കണ്ടതാണ്.ഋഷഭ് പന്തിനെയും ടോപ് ത്രീയിൽ കളിക്കുന്നതു കണ്ടു. ഇവരെല്ലാം വളരെ മികച്ച ബാറ്റർ മാരുമാണ്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എങ്ങനെ വരുമെന്നു നമുക്കു നോക്കാം. രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്ത് ഓപ്പണറായി ഇറങ്ങുന്നതു ഞാൻ ഇഷ്ടപ്പെടുന്നു. അതിന് സാധ്യതകളുമുണ്ട്. അതു ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം വിരാട് കോലിയും കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ഒന്നും മോശമല്ല. എങ്കിലും അദ്ദേഹം ഓപ്പണറാകട്ടെ.”- സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.