20-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാക്കിസ്ഥാനിൽ തകർത്ത് ഇംഗ്ലണ്ടിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലീഷ് ഓൾറൗണ്ടർ സ്റ്റോക്സിന്റെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെ കീഴടക്കിയത്. 49 പന്തുകളിൽ നിന്ന് 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 52 റൺസാണ് പുറത്താകാതെ താരം നേടിയത്.
ബൗളിംഗില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുവതാരം സാം കറൻ്റെ തകർപ്പൻ ബൗളിംഗ് പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ ആണ് താരം നേടിയത്. ടൂർണമെന്റിൽ മൊത്തത്തിൽ 13 വിക്കറ്റുകൾ ഇംഗ്ലീഷ് യുവതാരം സ്വന്തമാക്കി.
ലോകകപ്പിലെ മികച്ച താരവും ഫൈനലിലെ മികച്ച താരവും ആയി തിരഞ്ഞെടുത്തത് സാം കറണെയായിരുന്നു. എന്നാൽ ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്കാരം അർഹിച്ചത് തനിക്കല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് യുവ താരം. അർദ്ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച സ്റ്റോക്ക്സ് ആണ് അർഹൻ എന്നാണ് യുവതാരം പറഞ്ഞത്. കളിയിൽ മൊത്തത്തിൽ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്.
ഇത് രണ്ടാം തവണയാണ് 20-20 ലോകകപ്പിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാർ ആകുന്നത്. 12 വർഷങ്ങൾക്ക് മുൻപ് 2010 ലാണ് ഇംഗ്ലണ്ട് ആദ്യ കിരീടം നേടിയത്. അന്ന് ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഇരയായത് ഓസ്ട്രേലിയായിരുന്നു. കുട്ടി ക്രിക്കറ്റ് ലോകകപ്പിൽ ഒന്നിലധികം കിരീടം നേടുന്ന ടീമുകളിൽ വെസ്റ്റിൻഡീസിന് ഒപ്പമായി ഇംഗ്ലണ്ട്.