ജയിച്ചത് ഇന്ത്യ മത്സരത്തിലെ ഹീറോയായത് സാം കരൺ :ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തി താരത്തിന്റെ ബാറ്റിംഗ് – കാണാം സാം കരൺ നേടിയ അപൂർവ്വ റെക്കോർഡുകൾ

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ മിന്നും വിജയം കരസ്ഥമാക്കി ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും മത്സരത്തിലെ യഥാർഥ ഹീറോയായത് ഇംഗ്ലണ്ട് ആൾറൗണ്ടർ സാം കരൺ തന്നെയാണ് .
ഒരുപക്ഷേ ടീം ഇന്ത്യ സ്വപ്‌നം പോലും കണ്ടിരുന്നിരിക്കില്ല കരൺ ഇത്രമേൽമികച്ച പോരാട്ടവീര്യം ബാറ്റിങ്ങിൽ പുറത്തെടുക്കുമെന്ന് .

330 റണ്‍സെന്ന ഇന്ത്യ ഉയർത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് ഒരവസരത്തില്‍ 168-6 എന്ന നിലയിലേക്ക് പതറിയെങ്കിലും 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 322 റണ്‍സിലേക്ക് ടീമിനെ കറന്‍ എത്തിച്ചു. ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും അവിശ്വസനീയ പോരാട്ടവുമായി ക്രിക്കറ്റ് ലോകത്ത് ഏറെ കയ്യടിവാങ്ങിയ സാം ഒട്ടേറെ റെക്കോര്‍ഡുമായാണ് പൂനെ സ്റ്റേഡിയത്തില്‍ നിന്ന് തലയുയർത്തി മടങ്ങിയത്. 

ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ എട്ടാമനായി ഇറങ്ങിയ സാം കരൺ വാലറ്റത്ത് ബൗളർമാരെ കൂട്ടുപിടിച്ച്‌ അവസാന പന്ത് വരെ പോരാട്ടം നയിച്ചു .ഏകദിനത്തില്‍ എട്ടാം നമ്പറിലോ അതിന് താഴെയോ ഒരു ബാറ്റ്സ്‌മാന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനൊപ്പമെത്തി ഇതോടെ സാം കരൺ . ഇംഗ്ലീഷ് ടീമിലെ സഹതാരം ക്രിസ് വോക്‌സ് 2016ല്‍ ലങ്കയ്‌ക്കെതിരെ 83 പന്തില്‍ പുറത്താകാതെ 95 റണ്‍സ് നേടിയതാണ് നേരത്തെയുണ്ടായിരുന്ന ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡ്.
ഇതാണ് സാമിന്റെ അത്ഭുത ബാറ്റിംഗ് പ്രകടനത്തിൽ ഇന്നലെ തകർന്നത് .

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് മലാന്‍ പുറത്തായതോടെ 26-ാം ഓവറിലാണ് സാം കറന്‍ ഇംഗ്ലണ്ടിനായി ക്രീസിലെത്തുന്നത്. ഈ സമയം 168-6 എന്ന നിലയില്‍ വലിയ തകര്‍ച്ച നേരിടുകയായിരുന്നു ഇംഗ്ലണ്ട് .ഇന്ത്യൻ ടീം അനായാസം വിജയം നേടുമെന്ന് തോന്നിയെങ്കിലും സാം കരൺ ഇന്ത്യൻ പദ്ധതികൾ തകർത്തു .പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച താരം പിന്നീട് ബൗണ്ടറികളുമായി കുതിച്ചതോടെ ഇംഗ്ലണ്ട് വിജയം സ്വപ്നം കണ്ടു .
വാലറ്റത്ത് റഷീദിനും മാർക്ക് വുഡ് ഒപ്പം താരം ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യൻ ടീം വിയർത്തു .എന്നാൽ അവസാന ഓവറിൽ നടരാജൻ കൃത്യതയാർന്ന യോർക്കറുകളിലൂടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിപ്പിച്ചു .