രോഹിത് ശർമ്മയുടെ പരുക്ക് പ്രശ്‌നങ്ങളാകും ഇന്ത്യയുടെ ടോപ്പ് ഓഡര്‍ പരീക്ഷണത്തിനു കാരണം എന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സൽമാൻ ബട്ട്. ക്യാപ്റ്റന്റെ നിലവിലുള്ള ഫിറ്റ്‌നസ് ബുദ്ധിമുട്ടുകൾ ഇന്ത്യക്ക് പ്രശ്നമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ, 11 റൺസ് നേടിയ ശേഷം രോഹിത് ശര്‍മ്മ ബാറ്റിംഗ് മതിയാക്കി തിരിച്ചു കയറിയിരുന്നു. ഇതിനു മുന്‍പ് കോ വിഡും പരിക്കും കാരണം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനവും നഷ്ടമായി. ഇന്ത്യയിലെ ടോപ്പ് ഓർഡർ മാറ്റങ്ങളെക്കുറിച്ചായിരുന്നു സൽമാൻ ബട്ട് തന്റെ യൂട്യൂബ് ചാനലിൽ ചര്‍ച്ച ചെയ്തത്.
“ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ലൈനപ്പ് എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ രോഹിത് ശർമ്മയുടെ ആവർത്തിച്ചുള്ള പരിക്കുകൾ ടീം മാനേജ്മെന്റിന്റെ മനസ്സിലുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അടുത്തിടെ കോ വിഡ് പോസിറ്റീവും നിരവധി പരിക്കേല്‍ക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ക്യാപ്റ്റന് കളിക്കാൻ സാധിക്കാത്ത വരികയാണെങ്കില്‍ ടീം ഇന്ത്യക്ക് ബാക്കപ്പ് താരങ്ങൾ ഉണ്ടായിരിക്കണമെന്നും സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.
“രോഹിത് പല കാരണങ്ങളാൽ ടീമില്‍ വന്നു പോവുകയാണ്. ഈ സാഹചര്യത്തിൽ മാനസികമായി തയ്യാറെടുക്കുന്ന രണ്ടോ മൂന്നോ കളിക്കാർ നിങ്ങൾക്ക് ആവശ്യമാണ്. ഇക്കാരണത്താൽ, കളിക്കാരെ മാറ്റുകയോ കൂടുതൽ എക്സ്പോഷർ നൽകുകയോ ചെയ്യുന്നത് നിങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും. കെഎൽ രാഹുലും രോഹിത്തും ലഭ്യമായാല്‍ ഓപ്പൺ ചെയ്യും. ഇത് ലഭ്യമല്ലെങ്കിൽ, ഇന്ത്യയും ആ സാഹചര്യത്തിന് തയ്യാറായിരിക്കണം.
നിലവില്‍ പരിക്കേറ്റ കെല്‍ രാഹുല്‍ സുഖം പ്രാപിച്ചിക്കൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പിന് സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ രോഹിത്തിന്റെ പരിക്കും കെ.എല്‍. രാഹുലിന്റെ അനാരോഗ്യവും വിരാടിന്റെ ഫോം ഔട്ടും ബി.സി.സി.ഐക്ക് തലവേദനയായിരിക്കുകയാണ്.