ഇന്ത്യൻ ആരാധകരെ പൂർണമായും നിരാശപ്പെടുത്തിയ ഒരു ഫൈനലായിരുന്നു ഇത്തവണത്തെ ലോകകപ്പിന്റേത്. ഫൈനൽ മത്സരം വരെ പൂർണമായും ആധിപത്യം നേടിയായിരുന്നു ഇന്ത്യ പ്രയാണം തുടർന്നത്. എന്നാൽ ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്ക് മുൻപിൽ കാലിടറി.
ഫൈനൽ മത്സരത്തിലെ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ മോശം ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ചു കൊണ്ടാണ് ഇപ്പോൾ മുൻ പാക്കിസ്ഥാൻ നായകൻ സൽമാൻ ബട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സൂര്യകുമാർ യാദവ് തന്റെ ബാറ്റിംഗിൽ അല്പം കൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നു എന്നാണ് സൽമാൻ ബട്ട് പറയുന്നത്.
വാലറ്റ ബാറ്റർമാർക്കൊപ്പം മത്സരത്തിൽ ബാറ്റ് ചെയ്യുന്ന സമയത്ത് സൂര്യകുമാർ കൂടുതൽ പന്തുകൾ നേരിടാൻ ശ്രമിക്കണമായിരുന്നു എന്നാണ് ബട്ടിന്റെ അഭിപ്രായം. ഒപ്പം തന്റെ സ്വതസിദ്ധമായ ശൈലിയിൽ സൂര്യ കളിക്കാൻ തയ്യാറാവണമായിരുന്നു എന്നും ബട്ട് പറഞ്ഞു. “സൂര്യകുമാർ യാദവ് മത്സരത്തിൽ എന്ത് ചെയ്യാനാണ് ശ്രമിച്ചത് എന്നത് എനിക്ക് മനസ്സിലായില്ല. വാലറ്റ ബാറ്റർമാർക്കൊപ്പം ക്രീസിൽ നിന്ന സമയത്ത് സൂര്യകുമാർ തന്റേതായ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കണമായിരുന്നു. പക്ഷേ അതിന് പകരം അയാൾ സിംഗിളുകൾ നേടുകയും നോൺ സ്ട്രൈക്കർ എൻഡിലേക്ക് മാറുകയുമാണ് ചെയ്തത്.”- സൽമാൻ ബട്ട് പറഞ്ഞു.
“മത്സരത്തിൽ ആ സമയത്ത് ബോളർമാർക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയക്കുള്ളത് തെളിയിക്കപ്പെട്ട ബോളർമാർ തന്നെയാണ്. പക്ഷേ അവർക്ക് മുഹമ്മദ് ഷാമി, ബുമ്ര എന്നിവരെപോലെ കൃത്യമായി സ്ഥിരത പുലർത്താൻ സാധിക്കുന്ന ബോളർമാർ ഉണ്ടായിരുന്നില്ല. ആ സമയത്ത് സൂര്യകുമാർ യാദവ് അല്പം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നു.”- സൽമാൻ ബട്ട് കൂട്ടിച്ചേർത്തു. ഒപ്പം മത്സരത്തിലെ വിരാട് കോഹ്ലിയുടെ പ്രകടനത്തെപ്പറ്റിയും ബട്ട് സംസാരിച്ചു. വിരാട് കോഹ്ലി നിർഭാഗ്യവാനാണ് എന്നാണ് ബട്ട് പറഞ്ഞത്.
“വിരാട് കോഹ്ലിയാണ് ഈ ലോകകപ്പിലെ ഏറ്റവും നിർഭാഗ്യവാൻ. ഫൈനൽ മത്സരത്തിലും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമായിരുന്നു കോഹ്ലി കാഴ്ചവെച്ചത്. ഇന്ത്യയെ മത്സരത്തിൽ മികച്ച നിലയിൽ എത്തിക്കാൻ കോഹ്ലി ശ്രമിച്ചു. കോഹ്ലിയും രാഹുലും മത്സരത്തിൽ അടുത്ത 10 ഓവറുകൾ കൂടി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ത്യ ആധിപത്യം നേടിയേനെ. എന്നാൽ ഓസ്ട്രേലിയ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി. അത് ഇന്ത്യയ്ക്ക് വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിൽ തിരിച്ചടിയുമായി.”- ബട്ട് പറഞ്ഞു വയ്ക്കുന്നു.