ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സദ്രാൻ കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാനായി ഓപ്പണറായാണ് സദ്രാൻ ക്രീസിലെത്തിയത്. ഇന്നിംഗ്സിൽ വളരെ മികച്ച രീതിയിൽ ഓസ്ട്രേലിയൻ ബോളിങ്ങിനെ നേരിടാൻ സദ്രാന് സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് സദ്രാൻ സ്വന്തമാക്കിയത്. ആദ്യമായാണ് ഏകദിന ലോകകപ്പിൽ ഒരു അഫ്ഗാനിസ്ഥാൻ താരം സെഞ്ച്വറി സ്വന്തമാക്കുന്നത്. മത്സരത്തിൽ 143 പന്തുകളിൽ 129 റൺസായിരുന്നു സദ്രാന്റെ സമ്പാദ്യം. മത്സരത്തിൽ 8 ബൗണ്ടറികളും 3 സിക്സറുകളും സദ്രാൻ നേടുകയുണ്ടായി. ഇന്നിംഗ്സിന് ശേഷം സദ്രാൻ തന്റെ പ്രകടനത്തെപ്പറ്റി സംസാരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിക്കാൻ സാധിച്ചന്നും, അത് തനിക്ക് ഇത്തരമൊരു ഇന്നിംഗ്സ് കളിക്കാൻ വലിയ പ്രചോദനമായി എന്നുമാണ് സദ്രാൻ പറഞ്ഞത്. “എല്ലാവർക്കും വളരെ നന്ദി. ലോകകപ്പിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇനിയും ഒരുപാട് സെഞ്ച്വറികൾ സ്വന്തമാക്കണമെന്നാണ് ഞാൻ കരുതുന്നത്. ഈ ടൂർണമെന്റിനായി ഞാൻ ഒരുപാട് കഠിനപ്രയത്നങ്ങളിൽ ഏർപ്പെട്ടിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ എനിക്ക് ചെറിയ പിഴവിലൂടെയാണ് സെഞ്ച്വറി നഷ്ടമായത്. അതിനാൽ തന്നെ ഈ മത്സരത്തിൽ എനിക്ക് സെഞ്ച്വറി നേടണമെന്നുണ്ടായിരുന്നു. അടുത്ത 3 മത്സരത്തിനുള്ളിൽ സെഞ്ച്വറി നേടാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നു.”- സദ്രാൻ പറഞ്ഞു.
“വിക്കറ്റ് വളരെ നന്നായി തന്നെയാണ് ഉണ്ടായിരുന്നത്. അതിനാൽ ടീം ലക്ഷ്യം വയ്ക്കേണ്ടത് 280-285 റൺസാണ് എന്ന് ഞാൻ ഡഗ്ഔട്ടിലേക്ക് സന്ദേശം നൽകിയിരുന്നു. മാത്രമല്ല വിക്കറ്റുകൾ കയ്യിലുണ്ടെങ്കിൽ അത് 300ഓ 330ഓ ആക്കി മാറ്റാമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഭാഗങ്ങളിൽ ഞങ്ങൾക്ക് കുറച്ചു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ റഷിദ് ഖാൻ ക്രീസിലെത്തുകയും വെടിക്കെട്ട് പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യം ഇത്രയെങ്കിലും സ്കോർ സ്വന്തമാക്കുകയും മികച്ച രീതിയിൽ ഫീൽഡിങ് ബോളിംഗും ചെയ്യുകയും ആയിരുന്നു.”- സദ്രാൻ കൂട്ടിച്ചേർത്തു.
“ഇന്നലെ സച്ചിൻ ടെണ്ടുൽക്കറുമായി കുറച്ചധികം നേരം സംസാരിക്കാൻ എനിക്ക് സാധിച്ചിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ഒരുപാട് അനുഭവങ്ങൾ എന്നോട് പങ്കുവെച്ചു. എല്ലാം എനിക്ക് തുറന്നു പറയാൻ സാധിക്കില്ല. എന്നാൽ അദ്ദേഹത്തോട് വലിയൊരു നന്ദി ഞാൻ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് എന്നോട് പങ്കുവെച്ചതിനാണ് നന്ദി. ആ വാക്കുകളാണ് എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയത്.”- സദ്രാൻ പറഞ്ഞു വെക്കുന്നു.