“ആരെയും ബഹുമാനമില്ലാത്ത ബംഗ്ലാദേശ് ഹസ്തദാനവും അർഹിക്കുന്നില്ല.”. ബംഗ്ലാദേശിന് ഹസ്തദാനം നൽകാതെ ശ്രീലങ്ക.

bangaldesh vs sri lanka 2023 cwc

ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടന്ന മത്സരമായിരുന്നു ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ നടന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി പുറത്തായത് ഈ മത്സരത്തിലായിരുന്നു. ശ്രീലങ്കൻ താരം മാത്യൂസിനെയാണ് ക്രീസിലെത്തി പന്ത് നേരിടാൻ വൈകിയതിനെ തുടർന്ന് ബംഗ്ലാദേശ് താരങ്ങൾ പുറത്താക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുകയുണ്ടായി. മാത്രമല്ല ശ്രീലങ്കൻ താരങ്ങളിൽ നിന്നും ഇതിനെതിരെ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് മത്സരത്തിലൂടനീളം ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ വാക്പോരുകളും നടന്നു. ശേഷം മത്സരത്തിൽ ബംഗ്ലാദേശ് വിജയം കണ്ടെങ്കിലും ഹസ്തദാനം നൽകാൻ പോലും ശ്രീലങ്കൻ കളിക്കാർ തയ്യാറായില്ല.

സാധാരണയായി എല്ലാ മത്സരങ്ങളിലും വാക്പോരുകൾ ഉണ്ടാവാറുണ്ടെങ്കിലും മത്സരശേഷം അത് അവസാനിക്കുകയും ഇരു ടീമുകളും പരസ്പരം ഹസ്തദാനം നൽകി മൈതാനം വിടുകയുമാണ് ചെയ്യുന്നത്. എന്നാൽ ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇതുപോലും ഉണ്ടായില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ്. മത്സരത്തിൽ 42ആം ഓവറിലാണ് ണ് ബംഗ്ലാദേശ് ഒരു ലഗ് ബൈയിലൂടെ വിജയം സ്വന്തമാക്കിയത്. ശേഷം ശ്രീലങ്കൻ കളിക്കാർ അമ്പയർക്ക് മാത്രം ഹസ്തദാനം നൽകി മൈതാനം വിടുകയാണ് ഉണ്ടായത്. ബംഗ്ലാദേശ് ബാറ്റർമാരായ തൻസീബ് ഹസനും ഹൃദോയും മൈതാനത്ത് ഉണ്ടായിരുന്നുവെങ്കിലും ശ്രീലങ്കൻ താരങ്ങൾ അവർക്ക് ഹസ്തദാനം നൽകാൻ കൂട്ടാക്കിയില്ല. സാധാരണ മത്സരങ്ങളിൽ കാണുന്നതുപോലെ കളിക്കാർ ലൈനപ്പായി അണിനിരക്കുകയും ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

മാത്രമല്ല ബംഗ്ലാദേശ് താരങ്ങളിൽ നിന്നും ഈ പ്രശ്നം ഇല്ലാതാക്കാനും, ഹസ്തദാനം നൽകി പിരിയാനും ശ്രമമുണ്ടായില്ല എന്നതും എടുത്തു പറയേണ്ടതാണ്. എന്നിരുന്നാലും ടീമുകളുടെ സപ്പോർട്ട് സ്റ്റാഫുകൾ മൈതാനത്തിന് പുറത്ത് ഹസ്തദാനം നൽകിയിരുന്നു. ബംഗ്ലാദേശ് ടീമിന് ഹസ്തദാനം നൽകേണ്ട എന്ന ശ്രീലങ്കൻ ടീമിന്റെ തീരുമാനത്തെ പറ്റി മാത്യൂസിനോട് മാധ്യമങ്ങൾ ചോദിക്കുകയുണ്ടായി. എന്നാൽ അതിന് മാത്യൂസ് നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശ് താരങ്ങൾക്ക് മത്സരത്തോടും എതിർ ടീമുകളോടും യാതൊരു ബഹുമാനവുമില്ലെന്നും, അവർ അത്തരം നല്ല പെരുമാറ്റങ്ങൾ അർഹിക്കുന്നില്ല എന്നുമാണ് മാത്യൂസ് മത്സരശേഷം പറഞ്ഞത്.

“നമ്മൾ, നമ്മളെ ബഹുമാനിക്കുന്ന ആളുകളെ ബഹുമാനിക്കാൻ പഠിക്കണം. നമ്മൾ കളിക്കുന്ന മത്സരത്തെ മാത്രം ബഹുമാനിക്കുക എന്നതല്ല അതിനർത്ഥം. ഞങ്ങളെല്ലാവരും ഈ മനോഹരമായ കായികത്തിന്റെ അംബാസിഡർമാരാണ്. അമ്പയർമാർ ഉൾപ്പെടെ ഞങ്ങൾ അംബാസിഡർമാരാണ്. അതുകൊണ്ടുതന്നെ ഒരു ടീം മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുകയോ അല്ലെങ്കിൽ സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുകയോ ചെയ്യുമ്പോൾ എന്താണ് ഇതിൽ കൂടുതൽ ആവശ്യപ്പെടാൻ സാധിക്കുക?”- മാത്യൂസ് പറഞ്ഞു. ടൂർണമെന്റിൽ നിന്ന് ശ്രീലങ്കൻ ടീമും ബംഗ്ലാദേശ് ടീമും പുറത്തായിട്ടുണ്ട്.

Scroll to Top