“മറ്റൊരു ദിവസം, മറ്റൊരു സെഞ്ച്വറി “, കോഹ്ലിയെ വാനോളം പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. തന്റെ ടെസ്റ്റ് കരിയറിലെ 29 ആം സെഞ്ച്വറി വെസ്റ്റിൻഡീസിനെതിരെ കോഹ്ലി നേടുകയായിരുന്നു. ഏകദേശം 5 വർഷങ്ങൾക്ക് ശേഷമാണ് വിരാട് കോഹ്ലി വിദേശ പിച്ചിൽ ഒരു ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കുന്നത്. 2018ൽ പെർത്തിലായിരുന്നു ഇതിനു മുൻപ് കോഹ്ലി വിദേശ സെഞ്ച്വറി സ്വന്തമാക്കിയത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ 76ആം സെഞ്ച്വറിയാണ് മത്സരത്തിൽ കോഹ്ലി നേടിയത്. ഇതോടുകൂടി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡിനോട് ഒരുപടി കൂടി അടുക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ സെഞ്ച്വറിയോടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനങ്ങളും കോഹ്ലി ഏറ്റുവാങ്ങിയിരിക്കുകയാണ്.

തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് മുൻ സഹതാരത്തിന് വലിയ പ്രശംസകളുമായി സച്ചിൻ രംഗത്തെത്തിയത്. മുൻപ്, സച്ചിൻ ടെണ്ടുൽക്കറാണ് തന്റെ റോൾ മോഡൽ എന്ന് കോഹ്ലി പല സമയത്തും പറഞ്ഞിരുന്നു. ഇപ്പോൾ സച്ചിന്റെ ആശംസകൾ എത്തിയതോടെ അങ്ങേയറ്റം സന്തോഷത്തിലാണ് കോഹ്ലി. “മറ്റൊരു ദിവസം, മറ്റൊരു സെഞ്ച്വറി. നിങ്ങൾ നന്നായി കളിച്ചു, കോഹ്ലി”- സച്ചിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഇന്നിംഗ്സ് തന്നെയാണ് കോഹ്ലി രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിച്ചത്. ബാറ്റിംഗിൽ മികച്ച തുടക്കം ലഭിച്ചതിനുശേഷം ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാവുകയുണ്ടായി. ഈ സമയത്തായിരുന്നു വിരാട് കോഹ്ലി ക്രീസിലെത്തിയത്. തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് വളരെ പ്രതിരോധാത്മകമായാണ് വിരാട് കോഹ്ലി കളിച്ചത്. പിച്ചിന്റെ സാഹചര്യങ്ങളെ അതിസൂക്ഷ്മമായി വിരാട് കോഹ്ലി നിരീക്ഷിച്ചു. ഇതിനുശേഷമാണ് തന്റെ ഷോട്ടുകൾ കളിക്കാൻ വിരാട് കോഹ്ലി ആരംഭിച്ചത്.

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 87 റൺസായിരുന്നു വിരാട് കോഹ്ലി തന്റെ പേരിൽ ചേർത്തത്. രണ്ടാം ദിവസത്തിന്റെ തുടക്കത്തിലും മികച്ച പ്രകടനം നടത്താൻ കോഹ്ലിയ്ക്ക് സാധിച്ചു. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ 29ആം സെഞ്ചുറി കോഹ്ലി പേരിൽ ചേർക്കുകയായിരുന്നു. ഈ വർഷത്തെ കോഹ്ലിയുടെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ മാർച്ചിൽ കോഹ്ലി 186 റൺസ് ടെസ്റ്റ് മത്സരത്തിൽ നേടുകയുണ്ടായി.