തന്റെ ഏകദിന കരിയറിലെ 50ആം സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി ആയിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. ഇതോടുകൂടി സച്ചിന്റെ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ശേഷമാണ് വിരാട് കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് മാസ്റ്റർ ബ്ലാസ്റ്റർ സംസാരിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും കോഹ്ലിയെ സച്ചിൻ അഭിനന്ദിക്കുകയുണ്ടായി. ആദ്യമായി താൻ കോഹ്ലിയെ കണ്ട നിമിഷത്തിലെ ഓർമ്മകൾ പങ്കുവെച്ചാണ് സച്ചിൻ സംസാരിച്ചത്. ഇതേപ്പറ്റി സച്ചിൻ പറയുന്നു.
“കോഹ്ലിക്ക് ഞാൻ വലിയ വലിയ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. വളരെ അനായാസമായാണ് കോഹ്ലി ഏകദിന ഫോർമാറ്റിൽ 50 സെഞ്ച്വറികൾ പൂർത്തീകരിച്ചത്. അത് അവിശ്വസനീയം തന്നെയാണ്. ഞങ്ങളെല്ലാവരും കോഹ്ലിയെ ഓർത്ത് അഭിമാനം കൊള്ളുന്നു. കോഹ്ലി ആദ്യമായി ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ എത്തിയ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്ന സഹതാരങ്ങളൊക്കെയും കോഹ്ലിക്ക് ഒരു പ്രാങ്ക് നൽകിയിരുന്നു. എല്ലാവരും വന്ന് എന്റെ കാലിൽ തൊട്ടു തൊഴുകയും, ഇതൊരു പരമ്പരാഗത ആചാരമാണെന്ന് പറയുകയും ചെയ്തു. മികച്ച ഒരു കരിയർ ലഭിക്കണമെങ്കിൽ സച്ചിന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങണം എന്നായിരുന്നു സഹതാരങ്ങൾ പറഞ്ഞത്. ആ സമയത്ത് ഞാൻ കുറെയധികം ചിരിച്ചു. അന്നത്തെ ആ കോഹ്ലി ഇന്ന് ഈ നിലയിൽ വളർന്നത് എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു. വലിയ അഭിമാനവും തോന്നുന്നു.”- സച്ചിൻ പറഞ്ഞു.
കോഹ്ലിക്ക് അഭിനന്ദനങ്ങളുമായി തന്റെ ട്വിറ്റർ അക്കൗണ്ടിലും സച്ചിൻ കുറിച്ചിരുന്നു. ആദ്യമായി കോഹ്ലിയെ കണ്ട നിമിഷത്തെപ്പറ്റി സച്ചിൻ ട്വിറ്ററിലും സംസാരിച്ചു. അന്നത്തെ യുവ കളിക്കാരൻ ഇന്ന് വിരാട് എന്ന ഒരു വലിയ ബ്രാൻഡ് ആയി മാറിയതിൽ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട് എന്നാണ് സച്ചിൻ പറയുന്നത്. മാത്രമല്ല ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോർഡ് തകർത്തതിലും വലിയ സന്തോഷം മറ്റൊന്നുമില്ലയെന്നും സച്ചിൻ പറയുന്നു. ലോകകപ്പിന്റെ സെമിഫൈനൽ പോലെ ഒരു വലിയ സ്റ്റേജിൽ തന്റെ ഹോം ഗ്രൗണ്ടിൽ കോഹ്ലിയ്ക്ക് ഇത്തരമൊരു റെക്കോർഡ് മറികടക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു
മത്സരത്തിൽ കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ ഇന്ത്യ 397 എന്ന് ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. കോഹ്ലി മത്സരത്തിൽ 113 പന്തുളിൽ 117 റൺസ് ആണ് നേടിയത്. കോഹ്ലിക്ക് പുറമേ ശ്രേയസ് അയ്യരും മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി. 70 പന്തുകളിൽ 4 ബൗണ്ടറികളും 8 സിക്സറുകളും അടങ്ങിയതായിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. എന്തായാലും സെമിഫൈനലിൽ ഇത്ര ശക്തമായ ഒരു സ്കോർ മറികടക്കുക എന്നത് ന്യൂസിലാൻഡിനെ സംബന്ധിച്ച് വളരെ ശ്രമകരമാണ്.