സച്ചിന്റെ മുമ്പിൽ വയ്ച്ച് റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ അഭിമാനം. ടീമിനായി പ്രയാണം തുടരുമെന്ന് കോഹ്ലി.

20231115 172638

ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഒരു ഉഗ്രൻ സെഞ്ച്വറി തന്നെയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ 113 പന്തുകൾ നേരിട്ട കോഹ്ലി 117 റൺസ് നേടുകയുണ്ടായി. തന്റെ ഏകദിന ക്രിക്കറ്റ് കരിയറിലെ അൻപതാം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. ഇതോടുകൂടി സച്ചിൻ ടെണ്ടുൽക്കറുടെ വമ്പൻ റെക്കോർഡ് മറികടക്കാനും കോഹ്ലിയ്ക്ക് സാധിച്ചു. സച്ചിൻ തന്റെ ഏകദിന കരിയറിൽ 49 സെഞ്ച്വറികളാണ് നേടിയിരുന്നത്. ഈ റെക്കോർഡിന് പിന്നാലെ വലിയ പ്രശംസകളാണ് കോഹ്ലിയെ തേടി എത്തിയിരിക്കുന്നത്. സച്ചിനെപ്പോലെ ഒരു ഇതിഹാസ താരത്തിന്റെ വമ്പൻ റെക്കോർഡ് മറികടന്ന നിമിഷത്തെ പറ്റി വിരാട് കോഹ്ലി ഇന്നിങ്സിന് ശേഷം സംസാരിക്കുകയുണ്ടായി.

ഇതുവരെ തന്റെ ജീവിതത്തിൽ നടന്നതൊക്കെയും വലിയ സ്വപ്നമായാണ് തനിക്ക് തോന്നുന്നത് എന്ന് കോഹ്ലി പറഞ്ഞു. താൻ ഹീറോ ആയി കണ്ട സച്ചിന്റെ മുൻപിൽ വച്ച് ഇത്തരം ഒരു റെക്കോർഡ് സ്ഥാപിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കോഹ്ലി കൂട്ടിച്ചേർത്തു. “സച്ചിൻ പാജി എന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഇതൊക്കെയും എനിക്കൊരു സ്വപ്നമായാണ് തോന്നുന്നത്. വലിയ സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു മത്സരം തന്നെയാണ്. ഇത്തരമൊരു റോൾ മത്സരത്തിൽ കളിക്കാനാണ് ഞാൻ ശ്രമിച്ചത്. കാരണം ഞാൻ ഈ രീതിയിൽ കളിക്കുമ്പോൾ മറ്റു താരങ്ങൾക്ക് എന്റെ ചുറ്റിനും അവരുടേതായ പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും.”- വിരാട് കോഹ്ലി പറഞ്ഞു.

Read Also -  കിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.

“മുൻപ് പറഞ്ഞതുപോലെ തന്നെ എന്റെ ടീമിനെ വിജയത്തിൽ എത്തിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എനിക്ക് ഈ ടൂർണമെന്റിൽ ടീം ഒരു റോൾ നൽകിയിട്ടുണ്ട്. മത്സരം ഏറ്റവും അവസാനഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ് ആ റോൾ. ആ റോളിനായി ശ്രദ്ധിക്കുന്നത് കൊണ്ടാണ് എനിക്ക് ഇത്ര സ്ഥിരത ഉണ്ടാകുന്നതും. സാഹചര്യത്തിനനുസരിച്ച് ടീമിന് വേണ്ടി കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ റെക്കോർഡുകളൊക്കെയും തകർക്കാൻ സാധിച്ചത് ഒരു സ്വപ്നമായാണ് എനിക്ക് തോന്നുന്നത്. ആ സമയത്ത് സച്ചിൻ പാജി ഗാലറിയിൽ ഉണ്ടായിരുന്നു. ആ സമയത്തെ എന്റെ വികാരങ്ങൾ പറയാൻ പോലും എനിക്ക് സാധിക്കുന്നില്ല. എന്റെ ജീവിതപങ്കാളിയും എന്റെ ഹീറോയും ഇവിടെയുള്ളപ്പോൾ ഇത്തരമൊരു റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷം.”- കോഹ്ലി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം മത്സരത്തിൽ ഇന്ത്യയ്ക്ക് 400 റൺസ് സ്വന്തമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നും കോഹ്ലി പറഞ്ഞു. മത്സരത്തിൽ ഇന്ത്യ ഇത്ര മികച്ച സ്കോറിൽ എത്തിയതിന്റെ പ്രധാന ക്രെഡിറ്റ് നൽകേണ്ടത് ശ്രേയസ് അയ്യർക്കാണ് എന്നും കോഹ്ലി പറയുന്നു. ഒപ്പം തകർപ്പൻ ബൗണ്ടറികളുമായി കെഎൽ രാഹുൽ ഇന്നിങ്സ് ഫിനിഷ് ചെയ്തതും ഇന്ത്യയ്ക്ക് ഗുണമായി മാറിയിട്ടുണ്ട് എന്ന് കോഹ്ലി കൂട്ടിച്ചേർത്തു. മത്സരത്തിൽ കോഹ്ലിയുടെയും അയ്യരുടെയും മികവാർന്ന സെഞ്ച്വറികളുടെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 397 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Scroll to Top