“താങ്കൾ എത്രയും വേഗം 50 സെഞ്ച്വറികൾ പൂർത്തിയാക്കൂ”. കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ സച്ചിൻ ടെണ്ടുൽക്കറുടെ തകർപ്പൻ റെക്കോർഡിനൊപ്പം എത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ ഏകദിന കരിയറിൽ 49 സെഞ്ച്വറികളാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. സച്ചിൻ ടെണ്ടുൽക്കറും തന്റെ കരിയറിൽ 49 സെഞ്ച്വറികൾ ആയിരുന്നു നേടിയിട്ടുള്ളത്. ഈ സുവർണ്ണ റെക്കോർഡിനൊപ്പം എത്തിയ കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ ഇപ്പോൾ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സച്ചിൻ കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചത്. കോഹ്ലി എത്രയും വേഗം അടുത്ത സെഞ്ച്വറി സ്വന്തമാക്കി 50 സെഞ്ച്വറികൾ എന്ന നേട്ടം കൈവരിക്കണം എന്നാണ് സച്ചിൻ ടെണ്ടുൽക്കർ ആവശ്യപ്പെടുന്നത്.

കോഹ്ലിക്ക് അഭിനന്ദനങ്ങൾ അറിയിച്ചാണ് സച്ചിൻ സംസാരിച്ചത്. “ഈ വർഷത്തിന്റെ തുടക്കത്തിൽ 49 ൽ നിന്ന് 50ലേക്ക് എത്താൻ എനിക്ക് വേണ്ടിവന്നത് 365 ദിവസങ്ങളാണ്. താങ്കൾ 49ൽ നിന്ന് 50ലേക്ക് കുറച്ചു ദിവസങ്ങൾക്കുള്ളിൽ എത്തിച്ചേരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ എന്റെ റെക്കോർഡ് തകർക്കുമെന്ന് ഞാൻ കരുതുന്നു. അഭിനന്ദനങ്ങൾ. “- സച്ചിൻ ട്വിറ്ററിൽ കുറിച്ചു. കേവലം 277 ഇന്നിങ്സുകളിൽ നിന്നാണ് വിരാട് കോഹ്ലി തന്റെ ഏകദിന കരിയറിലെ 49 സെഞ്ച്വറികൾ സ്വന്തമാക്കിയത്. 482 ഏകദിന ഇന്നിങ്സുകളിൽ നിന്നായിരുന്നു സച്ചിൻ ഈ നേട്ടം കൊയ്തത്. എന്തായാലും വിരാട്ടിനെ സംബന്ധിച്ച് ഒരു വലിയ നേട്ടം തന്നെയാണ് ഇത്.

മാത്രമല്ല മത്സരത്തിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു അടിത്തറ നൽകാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ നായകൻ രോഹിത് ശർമ്മ പുറത്തായ ശേഷമായിരുന്നു വിരാട് കോഹ്ലി ക്രീസിലെത്തിയത്. സ്ലോ ആയിരുന്ന പിച്ചിൽ വളരെ ശാന്തമായാണ് വിരാട് കോഹ്ലി കളിച്ചത്. 64 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷവും ഇന്ത്യക്കായി അവസാന ഓവർ വരെ ക്രീസിൽ തുടരാൻ വിരാടിന് സാധിച്ചു. മത്സരത്തിൽ 119 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിൽ 121 പന്തുകൾ നേരിട്ട കോഹ്ലി 10 ബൗണ്ടറികളടക്കം 101 റൺസ് ആണ് നേടിയത്. ഒപ്പം ശ്രേയസ് അയ്യരും 77 റൺസുമായി മത്സരത്തിൽ മികവ് പുലർത്തി. ഇതോടെ ഇന്ത്യ മത്സരത്തിൽ 326 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനീറങ്ങിയ ദക്ഷീണാഫ്രിക്കയ്ക്ക് വലിയ തകർച്ച തന്നെയാണ് ഉണ്ടായിരിക്കുന്നത്. കേവലം 40 റൺസ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ പകുതി ബാറ്റർമാരും കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ ഇന്ത്യ വിജയത്തിന് അടുത്തേക്ക് കൂടുതൽ അടുക്കുകയാണ്.

Previous articleസ്വപ്ന പന്തിൽ ബവുമയുടെ കുറ്റിയെടുത്ത് ജഡേജ.. ഉത്തരമില്ലാതെ ആഫ്രിക്കൻ നായകൻ
Next articleഇത് ഇന്ത്യൻ കരുത്ത് 🔥🔥 ദക്ഷിണാഫ്രിക്ക ജീവനും കൊണ്ടോടി. 243 റൺസിന്റെ കൂറ്റൻ വിജയം.