ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ രണ്ടാം വിജയമാണ് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ പിറന്നത്. മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
തന്റെ 31ആം ഏകദിന സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കിയ രോഹിത് ശർമ സച്ചിൻ ടെണ്ടുൽക്കറുടയടക്കം ലോകകപ്പ് റെക്കോർഡുകൾ മറികടക്കുകയുണ്ടായി. രോഹിത് ശർമയുടെ ഈ തകർപ്പൻ ഇന്നീങ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിലേക്ക് പോകുമ്പോൾ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകാൻ ഈ മത്സരം സഹായകരമാവും എന്ന് സച്ചിൻ കരുതുന്നു.
മത്സരത്തിലെ ജസ്പ്രീറ്റ് ബുമ്രയുടെ പ്രകടനത്തെയും സച്ചിൻ പ്രശംസിക്കുകയുണ്ടായി. “മത്സരത്തിൽ രണ്ട് തകർപ്പൻ പ്രകടനങ്ങളാണ് ഉണ്ടായത്. ബുംറയും രോഹിത് ശർമയും മികവു പുലർത്തി. ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റിൽ നിന്നും ബൗളിംഗ് യൂണിറ്റിൽ നിന്നും ഈ രണ്ടു താരങ്ങൾക്കും മികച്ച പിന്തുണയും ലഭിക്കുകയുണ്ടായി.
കഴിഞ്ഞ 2 മത്സരങ്ങളിലും ഇന്ത്യക്കായി വ്യത്യസ്ത കളിക്കാരാണ് സംഭാവനകൾ നൽകിയത്. അത് നല്ലൊരു സൂചന തന്നെയാണ്. ഒക്ടോബർ 14ന് നടക്കുന്ന മത്സരത്തിലേക്ക് പോകുമ്പോൾ ഇത് ഇന്ത്യയ്ക്ക് സഹായകരമാവും. നമുക്ക് മുൻപോട്ട് തന്നെ പോകാൻ സാധിക്കും.”- സച്ചിൻ പറഞ്ഞു.
2011ലെ ഏകദിന ലോകകപ്പ് വിജയ ടീമിൽ അംഗമായിരുന്ന സച്ചിൻ ടെണ്ടുൽക്കർ തന്റെ 44 ഏകദിന ലോകകപ്പ് ഇന്നിങ്സുകളിൽ നിന്ന് 6 സെഞ്ച്വറികളാണ് സ്വന്തമാക്കിയിരുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ഈ റെക്കോർഡ് മറികടക്കുകയുണ്ടായി. ഇതുവരെ ഏകദിന ലോകകപ്പിൽ 19 ഇന്നിംഗ്സുകൾ കളിച്ച രോഹിത് 7 സെഞ്ചുറികൾ സ്വന്തമാക്കി.
മാത്രമല്ല മത്സരത്തിൽ ക്രിസ് ഗെയ്ലിനെ അടിച്ചു തൂക്കി സിക്സർ റെക്കോർഡ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം എന്ന ബഹുമതി ഇപ്പോൾ രോഹിത് ശർമയുടെ പേരിലാണ്. 556 സിക്സറുകളാണ് രോഹിത് തന്റെ അന്താരാഷ്ട്ര കരിയറിൽ നേടിയിട്ടുള്ളത്.
മത്സരത്തിലെ രോഹിത്തിന്റെ തട്ടുപൊളിപ്പൻ പ്രകടനം വലിയ പ്രശംസകള്‍ക്ക് കാരണമായിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിലേക്ക് കടന്നു ചെല്ലുമ്പോഴും താൻ പുറത്തുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും മത്സരത്തിൽ മികവുപുലർത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും രോഹിത് ശർമ പറയുകയുണ്ടായി.
“ഞങ്ങളെ സംബന്ധിച്ച് പുറത്തുള്ള മറ്റു കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക എന്നത് വളരെ നിർണായകമാണ്. നമുക്കു നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ പുലർത്തുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കാനും ജയിക്കാനും തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- രോഹിത് പറഞ്ഞു.