ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി20 ടൂർണ്ണമെന്റിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ‘കേരള ക്രിക്കറ്റ് ലീഗ്’ എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റിൽ അണിനിരക്കുന്ന ടീമുകളും അവരുടെ ഐക്കൺ താരങ്ങളും അടങ്ങുന്ന ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഏറ്റവും വലിയ ടൂർണമെന്റാണ് “കെസിഎൽ”. തിരുവനന്തപുരത്ത് തിങ്കളാഴ്ച ഫ്രാഞ്ചൈസി ഉടമകളുമായി ചേർന്ന മീറ്റിങ്ങിന് പിന്നാലെയാണ് ടീമുകളുടെ വിവരങ്ങളും ഐക്കൺ താരങ്ങളുടെ പേരുകളും പ്രഖ്യാപിച്ചത്. 6 ടീമുകളാണ് ടൂർണമെന്റിന്റെ ഉദ്ഘാടന എഡിഷനിൽ പങ്കെടുക്കുന്നത്.
ടൂർണമെന്റിൽ തിരുവനന്തപുരം ഫ്രാഞ്ചൈസിയുടെ ഉടമ സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാരയുമാണ്. ‘ട്രിവാൻഡ്രം റോയൽസ്’ എന്നാണ് ഫ്രാഞ്ചൈസിയുടെ പേര് എനിഗ്മാറ്റിക് സ്മയിൽ റിവാർഡ്സിന്റെ ഉടമസ്ഥതയിലുള്ള ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ആണ് ടൂർണമെന്റിൽ അണിനിരക്കുന്ന മറ്റൊരു ടീം. എറണാകുളം ബേസ് ചെയ്താണ് ടീമിന്റെ പ്രവർത്തനങ്ങൾ.
ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ‘കാലിക്കറ്റ് ഗ്ലോബൽ സ്റ്റാർസ്’ എന്ന ടീമും കോഴിക്കോട് ബേസ് ചെയ്ത് ടൂർണമെന്റിൽ അണിനിരക്കും. ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥൻ സോഹൻ റോയിയുടെ ഉടമയിലുള്ള ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ആണ് കൊല്ലത്തെ പ്രതിനിധീകരിക്കുന്ന ടീം.
കൺസോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ‘ആലപ്പി റിപ്പിൾസ്’, ഫിനെസ്സ് മാർക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ‘തൃശ്ശൂർ ടൈറ്റൻസ്’ എന്നിവയും ടൂർണ്ണമെന്റിന്റെ ആദ്യ എഡിഷനിൽ മൈതാനത്ത് ഇറങ്ങും. എല്ലാ ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച കേരള കളിക്കാരെയാണ് ഐക്കൺ താരങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം സെയിലേഴ്സ് ടീമിന്റെ ഐക്കൺ താരമായി കേരള രഞ്ജി ട്രോഫി നായകൻ സച്ചിൻ ബേബിയാണ് ഉള്ളത്. കഴിഞ്ഞ സമയങ്ങളിൽ കേരളത്തിനായി മികവ് പുലർത്തിയ മുഹമ്മദ് അസറുദ്ദീൻ ആലപ്പുഴ റിപ്പിൾസ് ടീമിന്റെ ഐക്കൺ താരമായി കളിക്കും.
വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസ് ടീമിന്റെ ഐക്കൺ താരമായാവും മൈതാനത്ത് എത്തുക. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീമിന്റെ ഐക്കൺ താരം രോഹൻ കുന്നുമ്മലാണ്. ട്രിവാൻഡ്രം റോയൽസിന്റെ പ്രധാന താരമായി അബ്ദുൽ ബാസിതും ഇറങ്ങും. ടൂർണമെന്റിന്റെ താരലേലം ഈ മാസം പത്താം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.
120 സ്ലോട്ടുകൾക്കായി നടക്കുന്ന ലേലത്തിൽ 168 താരങ്ങൾ പങ്കെടുക്കും. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്തിലാണ് ലേലം നടക്കുക. ടൂർണ്ണമെന്റിന്റെ ഡിജിറ്റൽ റൈറ്സ് ഫാൻകോഡും ടിവി റൈറ്റ് സ്റ്റാർ സ്പോർട്സ് 3ഉം സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 2 മുതൽ 18 വരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. മോഹൻലാലാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ.