സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ കൂടുമാറ്റവുമായി ബന്ധപ്പെട്ട ട്രേഡിൽ വമ്പൻ ട്വിസ്റ്റ്. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് വിട്ടുനൽകാനായി വമ്പൻ ഡിമാൻഡാണ് രാജസ്ഥാൻ മുൻപിലേക്ക് വെച്ചിരിക്കുന്നത്. തനിക്ക് രാജസ്ഥാൻ റോയൽസ് ടീമിൽ തുടരാൻ താല്പര്യമില്ല എന്ന ആവശ്യം സഞ്ജു സാംസൺ ഫ്രാഞ്ചൈസിക്ക് മുൻപിലേക്ക് വച്ചിരുന്നു. ഇതിന് ശേഷമാണ് സഞ്ജുവിനായി ചെന്നൈ രംഗത്തെത്തിയത്. പക്ഷേ ചെന്നൈയുടെ പ്രധാനപ്പെട്ട 3 താരങ്ങളിൽ 2 പേരെ തങ്ങൾക്ക് നൽകിയാൽ മാത്രമേ സഞ്ജുവിനെ വിട്ടു നൽകു എന്ന് രാജസ്ഥാൻ പറയുകയുണ്ടായി.
ചെന്നൈയുടെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയാണ് രാജസ്ഥാന് ആവശ്യമുള്ള ഒരു താരം. വളരെ കാലമായി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ കളിക്കുന്ന ജഡേജയെ വിട്ടുനൽകണമെന്നാണ് രാജസ്ഥാൻ പറയുന്നത്. ഒപ്പം നിലവിലെ ചെന്നൈയുടെ നായകനായ ഋതുരാജ് ഗെയ്ക്വാഡ്, കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വമ്പനടിക്കാരൻ ശിവം ദുബെ എന്നീ താരങ്ങളിൽ ഒരാളെയും തങ്ങൾക്ക് ആവശ്യമുണ്ട് എന്ന് രാജസ്ഥാൻ പറഞ്ഞു. ഈ താരങ്ങളെ വിട്ടുനൽകിയാൽ മാത്രമേ സഞ്ജുവിനെ ചെന്നൈ ടീമിന് നൽകു എന്നാണ് രാജസ്ഥാന്റെ നിർദ്ദേശം.
എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പോലെ ഒരു ഫ്രാഞ്ചൈസി ഇത്തരം താരങ്ങളെ വിട്ടുനൽകാനുള്ള സാധ്യത വളരെ കുറവാണ്. തങ്ങളുടെ നായകനായ ഋതുജിനെ തങ്ങൾ വിട്ടുനൽകില്ല എന്ന് ചെന്നൈ ഇതിനോടകം തന്നെ രാജസ്ഥാൻ ടീമിനെ അറിയിച്ചിട്ടുണ്ട് എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല ചെന്നൈയുടെ നിലവിലെ ഏറ്റവും ശക്തനായ താരമാണ് രവീന്ദ്ര ജഡേജ. ജഡേജയുടെ കാര്യത്തിലും ടീം യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല.
ഇതോടെ സഞ്ജു ഇനിയും രാജസ്ഥാൻ ടീമിൽ കളിക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പക്ഷേ ഇതിനുള്ള സാഹചര്യവും വളരെ കുറവാണ്. ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തരമൊരു ആവശ്യം തള്ളിക്കളയുകയാണെങ്കിൽ, രാജസ്ഥാൻ മറ്റു ഫ്രാഞ്ചൈസികളുമായി ട്രേഡ് നടത്താൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. മിനി ലേലത്തിന് മുന്നോടിയായി ഇത്തരമൊരു ട്രേഡ് നടന്നില്ലെങ്കിൽ, സഞ്ജു സാംസണ് ഈ വർഷത്തെ ലേലത്തിൽ അണിനിരക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മറ്റു വലിയ താരങ്ങളെ വിട്ടുനൽകി ഫ്രാഞ്ചൈസികൾക്ക് സഞ്ജുവിനെ സ്വന്തമാക്കാൻ കഴിയും.


