തങ്ങൾ 16 കോടി രൂപയ്ക്ക് സ്വന്തമാക്കിയ നിക്കോളാസ് പൂറാന്റെ വെടിക്കെട്ടിന്റെ ബലത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. ബാംഗ്ലൂർ ഉയർത്തിയ 213 എന്ന വമ്പൻ വിജയലക്ഷ്യം വമ്പനടികളോടെ മറികടന്നാണ് ലക്നൗ വിജയം സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ വെടിക്കെട്ട് തീർത്ത മർകസ് സ്റ്റോയിനിസും നിക്കോളാസ് പൂറനുമാണ് ലക്നൗവിന്റെ മത്സരത്തിലെ വിജയ ശില്പികൾ. ബോളർമാർ പൂർണ്ണമായും തല്ലുകൊണ്ട മത്സരത്തിൽ അത്യന്തം ആവേശകരമായ രീതിയിലാണ് ലക്നൗ മത്സരം ഫിനിഷ് ചെയ്തത്.
മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ ചിന്നസ്വാമി പിച്ചിൽ ആദ്യ ബോൾ മുതൽ ബാംഗ്ലൂർ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. ഓപ്പണർമാരായ വിരാട് കോഹ്ലിയും ഡുപ്ലാസിയും ബാംഗ്ലൂരിനായി അടിച്ചുതകർത്തു. കോഹ്ലി 44 പന്തുകളിൽ 61 റൺസ് നേടിയപ്പോൾ ഡുപ്ലെസി 46 പന്തുകളിൽ 79 റൺസ് ആണ് നേടിയത്. ആദ്യ വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തു. ശേഷം ക്രീസിലെത്തിയ മാക്സ്വെല്ലും അടിച്ചു തകർത്തതോടെ ബാംഗ്ലൂർ സ്കോർ കുതിക്കുകയായിരുന്നു. 29 പന്തുകളിൽ 59 റൺസാണ് മാക്സ്വെൽ നേടിയത്. മൂന്നു ബൗണ്ടറികളും ആറു പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. മൂന്ന് വമ്പൻമാരുടെയും ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 212 എന്ന വമ്പൻ സ്കോറിൽ ബാംഗ്ലൂർ എത്തി.
മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ലക്നൗവിന് ലഭിച്ചത്. അവർക്ക് ഓപ്പണർ കൈൽ മേയെഴ്സിനെ(0) തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നാലെയെത്തിയ ദീപക് ഹൂഡയും(9) കൃണാൽ പാണ്ട്യയും(0) പെട്ടെന്ന് തന്നെ കൂടാരം കയറിയതോടെ ലക്നൗ വീഴുമെന്ന് എല്ലാവരും കരുതി. എന്നാൽ അഞ്ചാമതായി ക്രീസിലെത്തിയ സ്റ്റോയിനിസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ബാംഗ്ലൂർ ബോളർമാരെ ഒരു ദയയുമില്ലാതെ സ്റ്റോയിനിസ് പഞ്ഞിക്കിട്ടു. 30 പന്തുകളിൽ ആറു ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 65 റൺസ് ആണ് സ്റ്റോയിനിസ് മത്സരത്തിൽ നേടിയത്. സ്റ്റോയിനിസ് പുറത്തായ ശേഷമെത്തിയ നിക്കോളാസ് പൂറൻ ആദ്യബോൾ മുതൽ അടിച്ചുതകർത്തതോടെ ലക്നൗ വിജയത്തിലേക്ക് കുതിച്ചു. പൂറൻ 19 പന്തുകളിൽ 62 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ ഒരു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ലക്നൗ നേടിയത്.
അവസാന ഓവറില്‍ വിജയിക്കാനായി 5 റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റെടുത്തതോടെ ബാംഗ്ലൂരിനു പ്രതീക്ഷയായി. അഞ്ചാം പന്തില്‍ ഉനദ്ഘട്ടും പുറത്തായതോടെ അവസാന പന്തില്‍ വിജയിക്കാനായി 1 റണ്‍ വേണമായിരുന്നു. അവസാന പന്തില്‍ ക്രീസില്‍ നിനും നേരത്തെ ഓടാന്‍ തുടങ്ങിയ ബിഷ്ണോയിയെ രണ്ടാമത്തെ ശ്രമത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ നോണ്‍സ്ട്രൈക്ക് റണ്ണൗട്ട് നടത്തിയെങ്കിലും അനുവദിച്ചില്ലാ.
അവസാന പന്ത് ബാറ്റില്‍ കൊണ്ടില്ലെങ്കിലും അതിവേഗം സിംഗിള്‍ എടുത്ത് ആവേശ് ഖാനും ബിഷ്ണോയിയും ലക്നൗനു 1 വിക്കറ്റ് വിജയം നേടി കൊടുത്തു.
ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ അപ്രതീക്ഷിതമായ പരാജയം തന്നെയാണ് മത്സരത്തിൽ നേരിടേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ സ്വന്തമാക്കിയിട്ടും ബാംഗ്ലൂർ ബോളർമാർ അവസരത്തിനൊത്ത് ഉയരാത്തത് അവരെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തക്കെതിരെയും ബാംഗ്ലൂർ ദയനീയമായ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വരേണ്ടത് ബാംഗ്ലൂരിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.