ഈ വർഷം ഒക്ടോബറിൽ ആണ് ഓസ്ട്രേലിയയിൽ വച്ച് 20-20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഈ ലോകകപ്പിൽ കിരീടം നേടുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഉണ്ടാകില്ല. ഇപ്പോഴിതാ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് നിർണായക സൂചന നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ.
ഏഷ്യാകപ്പിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് നായകൻ ഇക്കാര്യം പറഞ്ഞത്. ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ടീം 80-90% സെറ്റായി കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയും മൂന്നോ നാലോ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രോഹിത് ശർമയുടെ ഈ വാക്കുകൾ മലയാളി താരം സഞ്ജു സാംസനും യുവതാരം ഇഷാൻ കിഷനും പ്രതീക്ഷ നൽകുന്നതാണ്.
ലോകകപ്പ് തുടങ്ങാൻ ഇനിയും രണ്ടു മാസങ്ങൾ അവശേഷിക്കുമ്പോൾ ഇന്ത്യക്ക് അതിനുമുമ്പ് ഏഷ്യാകപ്പും ഉണ്ട്. ഏഷ്യാകപ്പ് അവസാനിക്കുമ്പോൾ ഇന്ത്യയുടെ ലോകകപ്പ് ടീം പൂർണമായും സജ്ജമാകും. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കും എതിരെ പരമ്പരയും ഇന്ത്യയക്ക് കളിക്കാനുണ്ട്. ഇന്ത്യക്ക് ഇനി കളിക്കാനിരിക്കുന്ന മത്സരങ്ങൾ യുഎഇയിലും നാട്ടിലും വച്ചാണ് നടക്കുക. ഇവിടെ കളിക്കുന്ന സാഹചര്യങ്ങളിൽ നിന്നും പൂർണമായും മാറ്റം ആയിരിക്കും ഓസ്ട്രേലിയൻ സാഹചര്യം. അതുകൊണ്ടുതന്നെ മൂന്നോ നാലോ മാറ്റങ്ങൾക്ക് സാധ്യതയുള്ളത് സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും.
സ്വന്തം നിലയിൽ കളി ജയിപ്പിക്കാൻ ഉള്ള കഴിവ് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന പരമ്പരകളിൽ കൂടുതൽ പേർക്ക് അവസരം നൽകുന്നത്. സീനിയർ താരങ്ങളായ ബുംറയും ഷമിയും ഇനി അധികകാലം ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാൻ സാധ്യതയില്ലാത്ത കൊണ്ടാണ് യുവതാരങ്ങൾക്ക് അവസരം നൽകുന്നത് എന്ന് രോഹിത് ശർമ പറഞ്ഞു. നിരവധി മത്സരങ്ങൾ ഇനിയും കളിക്കാനുള്ളതിനാൽ താരങ്ങൾക്ക് പരിക്ക് പറ്റാൻ സാധ്യത കൂടുതലാണെന്നും അതുകൊണ്ട് പകരക്കാരെ കണ്ടെത്തുവാൻ വേണ്ടിയാണ് എല്ലാവർക്കും അവസരം നൽകുന്നതെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.